അടുത്തകാലത്തായി മമ്മൂട്ടിയുടെ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ചകളേറെയാണ്. ഇമേജ് പോലും നോക്കാതെ കഥാപാത്രങ്ങളിലെ വ്യത്യസ്ത തേടി അലയുകയാണ് മമ്മൂട്ടിയെന്നാണ് ആരാധകർ പറയുന്നത്. സിനിമകൾ തിരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ കഴിവിനെയും ആരാധകർ എപ്പോഴും പ്രശംസിക്കാറുണ്ട്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവൽ ആണ് ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ മമ്മൂട്ടി ചിത്രം. സ്റ്റാൻലി ദാസ് എന്ന കഥാപാത്രമായി മമ്മൂട്ടിയെത്തിയപ്പോൾ ജയകൃഷ്ണൻ എന്ന പൊലീസുകാരനായി വിനായകനുമെത്തി. ജിബിൻ ഗോപിനാഥ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയുടെ വില്ലൻ വേഷം ആഘോഷമാക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസുകൾക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് മമ്മൂട്ടി. തന്റെ തിരഞ്ഞെടുപ്പിൽ വിശ്വസിച്ച ആരാധകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട് മമ്മൂട്ടി. "കഴിഞ്ഞ രണ്ട് ദിവസങ്ങൾ വളരെ ആവേശകരമായിരുന്നു. റിലീസ് ചെയ്തതിന് ശേഷം കളങ്കാവലിന് ലഭിക്കുന്ന സ്നേഹത്തിൽ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു പോയി.
എന്റെ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ വിശ്വസിച്ചതിന് നന്ദി."- മമ്മൂട്ടി കുറിച്ചു. ആദ്യ ദിനം 14 കോടിയോളം രൂപയാണ് കളങ്കാവൽ ആഗോളതലത്തിൽ നേടിയത്. ട്രേഡ് അനലിസ്റ്റ് വെബ് സൈറ്റായ സാക്നിൽക്കിന്റെ അഭിപ്രായത്തിൽ, ആദ്യകാല കണക്കുകൾ പ്രകാരം ചിത്രം 5.25 കോടി രൂപയിലധികം കളക്ഷൻ നേടി.
മുജീബ് മജീദ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അതേസമയം സോണി ലിവ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്റർ റണ്ണിന് ശേഷം ചിത്രം ഒടിടിയിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates