വാപ്പച്ചിയെ പലതവണ താൻ പറ്റിച്ചിട്ടുണ്ടെന്ന് അഭിമുഖങ്ങളിലും പൊതുവേദികളിലുമൊക്കെ ദുൽഖർ സൽമാൻ തുറന്നുപറഞ്ഞിട്ടുണ്ട്. പൊതുവേ ദുൽഖറിന്റെ ഒരു സിനിമയും മമ്മൂട്ടി പ്രൊമോട്ട് ചെയ്യാറില്ല. അങ്ങനെയുള്ള മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ ദുൽഖറിന്റെ കുറുപ്പ് എന്ന സിനിമയുടെ പോസ്റ്റർ വരുന്നത്.
ഇതുകണ്ട് ആരാധകർ ഒന്നടങ്കം ഞെട്ടി. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് സംശയിച്ച ആരാധകരോട് ഒടുവിൽ ദുൽഖർ സത്യം വെളിപ്പെടുത്തി. വാപ്പച്ചിയുടെ പേജിൽ കയറി അത് താൻ തന്നെ ചെയ്തതാണെന്ന് ഒരു കള്ളച്ചിരിയോടെ ദുൽഖർ കുറുപ്പിന്റെ വാർത്താ സമ്മേളനത്തിൽ തുറന്നുപറയുകയും ചെയ്തു.
വാപ്പച്ചിയെ പറ്റിക്കുന്ന പരിപാടി ദുൽഖർ ഇതുവരെ നിർത്തിയിട്ടില്ലെന്നാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാക്കുകളിലൂടെ മനസിലാകുന്നത്. ദുൽഖർ തന്നെ ചതിച്ചാണ് ലോക ചാപ്റ്റർ 1 ചന്ദ്രയിലെത്തിച്ചതെന്ന് പറയുകയാണ് മമ്മൂട്ടി. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ലോക ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തി എന്നാണ് സിനിമ കണ്ട ലോകം മുഴുവനുമുള്ള ആരാധകര്‍ വിശ്വസിച്ചത്. എന്നാല്‍ സിനിമ ഇറങ്ങിയതിന് ശേഷമാണ് ആ ചതി താന്‍ തിരിച്ചറിഞ്ഞത് എന്നാണ് ഇപ്പോള്‍ മമ്മൂട്ടി പറയുന്നത്. "ലോകയുടെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ദുല്‍ഖറിന്റെ സുഹൃത്താണ് എന്നോട് വന്ന് ഒരു വോയിസ് ഓവര്‍ കൊടുക്കണം എന്ന് പറഞ്ഞത്.
'വേണ്ട' എന്ന് പറയുന്ന ഒറ്റ സീനിലെ വോയ്‌സ്. ഞാനത് കൊടുക്കുകയും ചെയ്തു. സിനിമ റിലീസ് ചെയ്തപ്പോഴാണ് മൂത്തോന്‍ എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആ ശബ്ദം കൊടുത്തത് എന്ന് ഞാന്‍ അറിഞ്ഞത്.
അതില്‍ ഒരു കൈ കാണിക്കുന്നുണ്ട്, അത് മൂത്തോനാണെന്നും, ആ കൈ എന്റേതാണ് എന്നും പറഞ്ഞു. വാസ്തവത്തില്‍ അത് എന്റെ കൈ അല്ല. ശരിക്കും അവര്‍ എന്നെ ചതിച്ചതാണ്. ഇപ്പോള്‍ അത് എന്റെ ഉത്തരവാദിത്വമായി, മൂത്തോന്‍ എന്ന കഥാപാത്രം ഇനി ചെയ്യേണ്ടി വരും."- മമ്മൂട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates