മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്ന് നടൻ മമ്മൂട്ടി. ഈ ലോകത്ത് നമ്മൾ മാത്രമല്ല, നമ്മളെപ്പോലെ കോടിക്കണക്കിന് മനുഷ്യർ കൂടെ അല്ലെങ്കിൽ മറ്റു ജീവികൾ കൂടി ജീവിക്കുന്നുണ്ട് അവരുടെ സാന്നിധ്യം കൂടി തിരിച്ചറിയുക. അവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി, വായുവും ജലവുമെല്ലാം എന്ന് തിരിച്ചറിവാണ് സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു.
കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. "വിദ്യാഭ്യാസത്തെ പലപ്പോഴും സംസ്‌കാരമായി തെറ്റിദ്ധരിക്കാറുണ്ട്. വിദ്യാഭ്യാസം ഉള്ളവർക്ക് മാത്രമേ സംസ്കാരം ഉണ്ടാകൂ എന്നൊന്നും എനിക്ക് അഭിപ്രായമില്ല. എന്റെ അനുഭവവും അങ്ങനെയല്ല. പക്ഷേ വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ്. സർക്കാർ മുൻകൈയെടുത്ത് സംസ്‌കാരം പഠിപ്പിക്കാനോ സാംസ്കാരികബോധത്തെ ഉണർത്താനോ ഉള്ള കൂട്ടായ്മയല്ല ഇത്.
നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ഓർമപ്പെടുത്താനാണ് സർക്കാർ ഇൗ സംരംഭം തുടങ്ങിയത്" -മമ്മൂട്ടി പറഞ്ഞു. "നമ്മളിവിടെ പലപ്പോഴും മതേതരത്വം, മത സഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഏറ്റവും കൂടുതലായി സംസ്‌കാരത്തെ പറ്റി പറയുന്നത്. മതങ്ങൾ അങ്ങോട്ട് പോയ്ക്കോട്ടെ. മതങ്ങളെ നമ്മൾ ഉദ്ധരിക്കാൻ വിടണ്ട.
നമ്മള്‍ മനുഷ്യരെ വിശ്വസിക്കുകയല്ലേ കുറച്ചു കൂടി നല്ലത്. മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം. മനുഷ്യർ പരസ്‌പരം വിശ്വസിക്കുക എന്നതാണ് വലിയ കാര്യം. പരസ്പരം നമ്മൾ കാണേണ്ടവരാണ്, പരസ്പരം നമ്മൾ ഒന്നിച്ചു ജീവിക്കേണ്ടവരാണ്. നമ്മളെല്ലാവരും ഒരേ വായു ശ്വസിച്ച് ഒരേ സൂര്യ വെളിച്ചത്തിൽ ജീവിക്കുന്നവരാണ്. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും ജാതിയും മതവും ഇല്ല, രോഗങ്ങൾക്കും ഇല്ല.
എന്നാൽ, ചിലർ വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. വേര്‍തിരിവുകള്‍ കണ്ടുപിടിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണെന്നാണ് എന്റെ വിശ്വാസം. ലോകമുണ്ടായ കാലം മുതൽ നാം പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. മനുഷ്യന്റെ ഉള്ളില്‍ ഉള്ള ശത്രുവിനെ, നമ്മളുടെ ഉള്ളിലെ പൈശാചിക ഭാവത്തെ മാറ്റാനാണ് സ്‌നേഹം ഉണ്ടായത്.
അപൂര്‍വം ചില ആളുകള്‍ക്കെ ഉള്ളു ആ സിദ്ധി. ലോകം മുഴുന്‍ അങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണ്. അങ്ങനെ നടക്കില്ല. നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ നന്മ ജയിക്കണം."- മമ്മൂട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates