മലയാളികളുടെ പ്രിയഗായകനാണ് എംജി ശ്രീകുമാര്‍. പതിറ്റാണ്ടുകളായി മലയാളിയുടെ സന്തോഷത്തിനും സങ്കടങ്ങള്‍ക്കുമെല്ലാം കൂട്ടിരിക്കുന്ന ശബ്ദം. ദേശീയ പുരസ്‌കാരമടക്കം നിരവധി നേട്ടങ്ങള്‍. മലയാളം ഉള്ളിടത്തോളം കാലം നിലനില്‍ക്കുന്ന ഒട്ടനവധി പാട്ടുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. പിന്നണി ഗാനരംഗത്തെന്നത് പോലെ ഗാനമേള വേദികളിലും ഇന്നും നിറ സാന്നിധ്യമാണ് എംജി ശ്രീകുമാര്‍.
പാടുകയും ആടുകയും ചെയ്യുന്ന ഗായകരുടെ കാലത്തും ഒരു ചുവടു പോലും വെക്കാതെ തന്നെ ഉത്സവപ്പറമ്പുകളെ ആവേശത്തിരയിലേക്ക് എടുത്തെറിയാന്‍ എംജി ശ്രീകുമാറിന് സാധിക്കും. പ്രായത്തേയും കരിയറിലെ തലപ്പൊക്കത്തേയുമൊക്കെ മറന്നുകൊണ്ട് വേദികളില്‍ നിന്നും വേദികളിലേക്ക് പോവുകയാണ് എംജി. അതേസമയം ഇത്തരം ആള്‍ക്കൂട്ടങ്ങളില്‍ നിന്നും മോശം അനുഭവവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ഈയ്യടുത്ത് ഒരു ഗാനമേളയ്ക്കിടെ സദസില്‍ നിന്നും മോശമായി പെരുമാറിയ ഒരാള്‍ക്ക് എംജി ശ്രീകുമാര്‍ മറുപടി നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. അന്ന് നടന്നത് എന്താണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എംജി ശ്രീകുമാര്‍ പറയുന്നുണ്ട്.
''അമ്പലപ്പുഴ അമ്പലത്തിലെ ഗാനമേളയ്ക്കിടെയാണത്. രണ്ട് മണിക്കൂറോളം പാടിക്കഴിഞ്ഞാണ് ആ സംഭവം. സ്റ്റേജിന്റെ വശത്തു നിന്നൊരാള്‍ മൈക്കില്‍ കൂടി കേള്‍ക്കുന്ന തരത്തില്‍ വിളിച്ചു കൂവുന്നു. നല്ല പാട്ട് പാടണേ എന്ന്. ഇതുവരെ പാടിയതൊക്കെ ചീത്ത പാട്ടാണെന്ന് തോന്നിപ്പിക്കുന്ന ആ വിളി സഹിച്ചില്ല. 'ഇനിയും നല്ല പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ വീട്ടില്‍ പോയി റേഡിയോയില്‍ കേള്‍ക്കൂ' എന്ന് മൈക്കിലൂടെ തന്നെ മറുപടി പറഞ്ഞു. നിലയ്ക്കാത്ത കയ്യടിയായിരുന്നു പിന്നാലെ'' എന്നാണ് എംജി പറയുന്നത്.
ഗായകരുടെ സംഘടനയായ സമം വൈസ് ചെയര്‍മാനാണ് ഞാന്‍. ദാസേട്ടനാണ് ചെയര്‍മാന്‍. 150 ഓളം പാട്ടുകാരുള്ള ആ സംഘടനയെ പ്രതിനിധീകരിച്ചാണ് ആ മറുപടി പറഞ്ഞത്. വ്യക്തികള്‍ക്ക് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ പാട്ടുകളുണ്ടാകാം. അവയെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കാനാകില്ലെന്നും എംജി ശ്രീകുമാര്‍ പറയുന്നു.
എത്ര വേദികളില്‍ ഗാനമേള നടത്തിയെന്നതിന് കണക്കില്ലെന്നും എംജി പറയുന്നുണ്ട്. ഗാനമേളകളില്‍ പുസ്തകം നോക്കിയാണ് പാട്ടുപാടുന്നത്. അതില്‍ ഒരുപാട് പേരുടെ കയ്യക്ഷരമുണ്ടെന്നും അദ്ദേഹം പറയുന്നു. ''മാമുക്കോയയും ഞാനും കൂടി പാവാട വേണം മേലാട വേണം എന്ന പാട്ട് സ്റ്റേജില്‍ പാടിയിട്ടുണ്ട്. അന്ന് എന്റെ ബുക്കില്‍ അദ്ദേഹം ആ പാട്ടിന്റെ വരികളെഴുതി. മോനിഷയുടെ കയ്യക്ഷരത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ, കൊച്ചിന്‍ ഹനീഫയുടെ ആരംഭം തുളുമ്പും, മോഹന്‍ലാലിന്റെ തൂ ബഡി മാഷാ അള്ളാ, രേവതിയുടേയും മോഹന്‍ലാലിന്റേയും എഇഐഓയു പാഠം ചൊല്ലി പഠിച്ചും.. ഓരോ പേജിലും ആ കാലത്തിന്റെ മധുരമുള്ള ഓര്‍മകള്‍.'' എന്നാണ് അദ്ദേഹം പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates