പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ. മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ പോഡ്കാസ്റ്റിൽ പറഞ്ഞു. പിണറായി വിജയൻ- മോഹൻലാൽ അഭിമുഖം കേരളത്തിൽ വൻ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് മോഹൻലാൽ എത്തിയിരിക്കുന്നത്. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്.
വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് മോദിയെന്നും മോഹൻലാൽ പറഞ്ഞു. മോദി രാജ്യത്തെ അമ്മയായി കണ്ട് സ്നേഹിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ മൈ ജിഒവി ഇന്ത്യ യൂട്യൂബ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
"ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പലതവണ കൂടിക്കാഴ്ച നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചു. ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. യഥാർഥ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണവുമുള്ള നേതാവ് എന്ന വൈബാണ് ഓരോ തവണ അദ്ദേഹത്തെ സന്ദർശിക്കുമ്പോഴും എനിക്ക് ലഭിച്ചത്.
രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം പ്രചോദിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ ശക്തിയെയും കാഴ്ചപ്പാടിലെ വ്യക്തതയെയും ഞാനെന്നും ആരാധിച്ചിട്ടുണ്ട്. കലാകാരൻമാരോട് അദ്ദേഹം കാണിക്കുന്ന കരുതലും ഊഷ്മളതയും ഞാൻ വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് പഠിക്കാനുണ്ട്. വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ടാണ് ഞാൻ അദ്ദേഹത്തെ സന്ദർശിച്ചത്.
ഏത് സമയത്തും എന്ത് സഹായത്തിനും സമീപിക്കാമെന്ന് അദ്ദേഹം വാക്ക് തന്നു. ഗുരുവായൂരിൽ എന്റെ സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിനിടെ അദ്ദേഹം അടുത്തേക്ക് വന്ന് സ്നേഹം പ്രകടിപ്പിച്ചു. യോഗയ്ക്ക് ആഗോള ശ്രദ്ധ ലഭിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളിൽ എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുണ്ട്.
വാക്കിനേക്കാൾ പ്രവർത്തിക്കാണ് പ്രാധാന്യം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് മോദിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാനും ആ മന്ത്രത്തെയാണ് പിന്തുടരുന്നത്. അദ്ദേഹം സ്നേഹം പരത്തുന്നു.
അദ്ദേഹത്തിന് അടുത്ത് നിൽക്കുമ്പോൾ തന്നെ നമുക്കത് അനുഭവിക്കാൻ കഴിയും. അദ്ദേഹം രാജ്യത്തെ അമ്മയെപ്പോലെ സ്നേഹിക്കുന്നു. അദ്ദേഹത്തിന് ഈഗോ ഇല്ല. ഒരു യോഗിക്ക് സമാനമായ ധ്യാനനിരതമായ അവസ്ഥയിലാണ് അദ്ദേഹം".- മോഹൻലാൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates