പവൻ കല്യാൺ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഹരി ഹര വീര മല്ലു. ഈ മാസം 24 നാണ് ചിത്രം തിയറ്ററുകളിലെത്തുക. നിധി അഗർവാൾ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. പഞ്ചമി എന്ന കഥാപാത്രത്തെയാണ് നിധി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് പഞ്ചമിയെന്ന് പറയുകയാണ് നിധിയിപ്പോൾ.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നിധി ഇക്കാര്യം പറഞ്ഞത്. "ഹരി ഹര വീര മല്ലു പോലെ വലിയൊരു സിനിമയിൽ ഇത്രയും ആഴവും വികാരഭരിതവുമായ ഒരു വേഷം ലഭിക്കുക എന്നത് തന്നെ ഒരു അനുഗ്രഹമാണ്. ആ കഥാപാത്രം ചെയ്യാനായി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വന്നു.
വസ്ത്രവും ആഭരണങ്ങളുമൊക്കെ വളരെ ഭാരമേറിയതായിരുന്നു. പക്ഷേ എല്ലാ ക്രെഡിറ്റുകളും സ്റ്റൈലിസ്റ്റുകൾക്കാണ്. രണ്ട് മണിക്കൂറോളം മേക്കപ്പിനായി ചെലവഴിക്കുമായിരുന്നു. ആഭരണങ്ങളൊക്കെ കറക്ടായി തിരഞ്ഞെടുക്കുന്ന അവരുടെ രീതിയൊക്കെ എനിക്ക് വളരെ കൗതുകം തോന്നി".- നിധി പറഞ്ഞു.
പവൻ കല്യാണിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച ഒരു ബഹുമതിയാണെന്നും നിധി കൂട്ടിച്ചേർത്തു. അതോടൊപ്പം ആക്ഷൻ സീനുകൾക്കായി താൻ പരിശീലനം വരെ നടത്തിയെന്നും നിധി വ്യക്തമാക്കി.
"അദ്ദേഹത്തിന്റെ താരപദവിക്ക് സമാനതകളില്ല. നൂറ് സിനിമകൾ ചെയ്യുന്നതിന് തുല്യമാണ് അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുന്നത്. ആദർശങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വത്വത്തിന്റെയും ഒരു യുദ്ധമാണ് സിനിമ ചർച്ച ചെയ്യുന്നത്. എനിക്കിതിൽ കുറച്ച് ആക്ഷൻ രംഗങ്ങളൊക്കെയുണ്ട്.
അതിനായി ഞാൻ ഹോഴ്സ് റൈഡിങ്ങും ഭരതനാട്യവുമൊക്കെ പഠിച്ചു. ഒരു പെർഫോമർ എന്ന നിലയിൽ എന്റെ ഓരോ എഫേർട്ടും മുന്നോട്ട് നയിച്ചു".- നിധി അഗർവാൾ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates