തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ശോഭന. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന താരം. തന്റെ പ്രകടനങ്ങള്‍ കൊണ്ട് ശോഭന കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശോഭന പിന്നീട് നൃത്തതിനായി ജീവിതം മാറ്റി വച്ചു. നര്‍ത്തകിയായും നൃത്താധ്യാപികയായും ശോഭന ഉയരങ്ങള്‍ താണ്ടി. ഇടവേളകളില്‍ സിനിമയിലേക്ക് തിരികെ വരികയും ചെയ്തു ശോഭന. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിച്ച തുടരും വന്‍ വിജയമായി മാറിയിരുന്നു.
അഭിനയത്തിലും നൃത്തത്തിലുമെല്ലാം ലോകമറിയുന്ന താരമായി നിറഞ്ഞു നില്‍ക്കുമ്പോഴും തന്റെ വ്യക്തി ജീവിതം എന്നും സ്വകാര്യമായി തന്നെ നിലനിര്‍ത്താന്‍ ശോഭന ശ്രദ്ധിച്ചിട്ടുണ്ട്. താരകുടുംബത്തില്‍ നിന്നും, വളരെ ചെറിയ പ്രായത്തില്‍ സിനിമയിലേക്ക് കടന്നു വന്ന ശോഭന തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അധികം എവിടേയും സംസാരിച്ചു കണ്ടിട്ടില്ല.
സിനിമയിലെന്നത് പോലെ തന്നെ ജീവിതത്തിലും സ്വന്തം തെരഞ്ഞെടുപ്പുകളും നടപ്പുവഴിയുമുണ്ടായിരുന്നു ശോഭനയ്ക്ക്. വിവാഹം കഴിക്കാതെ തന്നെ, ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയായതാണ് ശോഭന. ശോഭനയുടെ മകള്‍ ഇന്നൊരു കൗമാരക്കാരിയാണ്. അഭിനയത്തിനും നൃത്തത്തിനും വേണ്ടി ജീവിതം മാറ്റിവച്ചതിനാലാണ് ശോഭന വിവാഹം കഴിക്കാതിരുന്നത്.
ശോഭനയുടെ വിവാഹത്തെക്കുറിച്ചുള്ള പഴയൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. 'ശോഭന വിവാഹിതയാകുന്നു' എന്ന തലക്കെട്ടോടെ 1987 ല്‍ ചിത്രഭൂമിയില്‍ വന്ന വാര്‍ത്തയാണ് ആരാധകര്‍ക്ക് കൗതുമായിരിക്കുന്നത്. മുറച്ചെറുക്കന്‍ പ്രേമാനന്ദുമായി ശോഭനയുടെ വിവാഹം ഉറപ്പിച്ചുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. പ്രണയ വിവാഹമല്ല, വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ്. നടി പത്മിനി രാമചന്ദ്രന്റെ മകനാണ് പ്രേമാനന്ദ് എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
അമ്മയോടൊപ്പം അമേരിക്കയില്‍ സ്ഥിരം താമസമാക്കിയ പ്രേമാനന്ദ് നടന്‍ മധു സംവിധാനം ചെയ്ത ഉദയം പടിഞ്ഞാറ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. വിവാഹ ശേഷം ശോഭന അഭിനയം നിര്‍ത്തുമെന്നും വാര്‍ത്തയിലുണ്ട്. വാര്‍ത്ത ചര്‍ച്ചയായതോടെ ശോഭനയുടെ മുറച്ചെറുക്കന്‍ എവിടെ എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. പ്രേമാനന്ദ് മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്നും അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലുണ്ടെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതായും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates