പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ' തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഫസ്റ്റ് ഷോ കഴിഞ്ഞതിന് പിന്നാലെ പൃഥ്വിരാജിന്റെ ആക്ഷൻ രംഗങ്ങളെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജിന്റെ ട്രാൻഫർമേഷനും കയ്യടി വാങ്ങുന്നുണ്ട്. ജേക്സ് ബിജോയ്‌യുടെ മ്യൂസിക്കിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സിനിമ ഹിറ്റാകുമെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. 'ജേക്സ് ബിജോയ് 2030 ലോട്ടും, വൈശാഖ് 2015 ലോട്ടും, കഥ എഴുതിയവൻ 2005 ലും' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഇൻട്രോ വേറെ ലെവൽ...അതുകഴിഞ്ഞു അങ്ങോട്ട് നോർമൽ ക്ലീഷേ പ്രേമ സീൻ.
ഇടക്ക് ഇടക്ക് വരുന്ന ലാലേട്ടൻ കഥാപാത്രത്തിന്റെ പേര് പറച്ചിലിൽ തിയറ്റർ മുഴുവൻ ഒച്ച പാട് ഉണ്ടായി. ആക്ഷൻ സീനുകൾ കൊള്ളാമെങ്കിലും അതിലേക്ക് പേസ് ചെയുന്ന സീനുകൾക്ക് ഇംപാക്ട് കിട്ടുന്നില്ല.- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. 'തിയറ്റർ കത്തിച്ചു... ഓണം വിന്നർ രാജുവേട്ടൻ തന്നെ'. - എന്നാണ് മറ്റൊരാളുടെ കമന്റ്.
'ശരാശരിയിൽ താഴെ മാത്രം ഉള്ള ഒരു പടം!! പോസിറ്റീവ് ആയി തോന്നിയ ഒരേ ഒരു കാര്യം രാജുവേട്ടന്റെ സ്റ്റൈലിഷ് ലുക്ക് മാത്രമാണ്... പ്രവചനാതീതമായ കഥയും ഇംപാക്ട് ഇല്ലാത്ത വില്ലന്മാരും'- എന്നാണ് വേറൊരാൾ കുറിച്ചിരിക്കുന്നത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്.
ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്രൻസ്, രൺജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates