പാടത്തെ പണി ചെയ്യുന്നതിനിടയിൽ ഇംഗ്ലീഷ് ക്ലാസുകളുമായി ഇന്റർനെറ്റ് കീഴടക്കിയ നാട്ടിൻപുറത്തുകാരിയാണ് യശോദ ലോധി. കോളജ് ബിരുദമോ ഇംഗ്ലീഷ് ഭാഷയിൽ പ്രത്യേക അധ്യാപക പരിശീലനമോ ഇല്ലാതെയാണ് യശോദ തന്റേതായ ഇടം സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചെടുത്തത്.
ഇപ്പോഴിതാ നടി പ്രിയങ്ക ചോപ്ര, യശോദയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവച്ചതോടെ ഇവർ വീണ്ടും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. "സത്യം പറഞ്ഞാൽ, എന്റെ വീട്ടിൽ ടിവിയില്ല. മാത്രമല്ല, പ്രശസ്തരായ ആരെയും എനിക്ക് പരിചയവുമില്ല. അതുകൊണ്ട്, എന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച മികച്ച വ്യക്തികളെക്കുറിച്ച് വിദ്യാർത്ഥികൾ എന്നോട് പറഞ്ഞപ്പോൾ അത് എന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചു.
ഒരുപാട് നന്ദി പ്രിയങ്ക ചോപ്ര മാഡം. എന്നെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തിയ എല്ലാവർക്കും വലിയൊരു നന്ദി. പ്രത്യേകിച്ച് നടൻ മാധവൻ, അഭയ് ഡിയോൾ, മൃണാൾ ഠാക്കൂർ എന്നിവരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇത്തരം ചെറിയ കാര്യങ്ങൾക്കും കരുതലിനും നിങ്ങൾ കരുതുന്നതിലും വലിയ അർത്ഥമാണുള്ളത്.
പ്രിയങ്ക ചോപ്ര മാഡം എന്റെ വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്നെപ്പോലെ ഒരു ഗ്രാമീണ സ്ത്രീക്ക് ഇതൊരു വലിയ കാര്യമാണ്. നമ്മൾ ചെയ്യുന്ന കൊച്ചു കൊച്ചു ശ്രമങ്ങൾ എവിടെ വരെയെത്തുമെന്നോ, ആരൊക്കെയാണ് നമ്മളെ നിരീക്ഷിക്കുന്നതെന്നോ പറയാൻ കഴിയില്ല.
പാടത്ത് ജോലി ചെയ്യുന്ന ഒരു ഗ്രാമീണ സ്ത്രീയുടെ കണ്ടന്റ്, ഞാൻ ഏറെ ആരാധിക്കുന്ന ഒരു വ്യക്തിയിലേക്ക് എത്തിയെന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്". - യശോദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതേ ദിവസം തന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം 4 ലക്ഷം കടന്നുവെന്നതും യശോദയുടെ സന്തോഷത്തിന് ഇരട്ടി മധുരം നൽകി.
പ്ലസ് ടു പഠനത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യശോദയ്ക്ക് പഠനം നിർത്തേണ്ടി വന്നു. പിന്നീട് വിവാഹശേഷം കുടുംബിനിയായി കഴിയുകയായിരുന്നു അവർ. അതിനിടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യശോദയുടെ ഭർത്താവിനെ ഒരു വാഹനം തെറ്റായ ദിശയിൽ വന്ന് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ അദ്ദേഹത്തിന്റെ കാലുകൾക്കും കണ്ണിനും കൈവിരലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
ചില വിരലുകൾ മുറിച്ചു മാറ്റേണ്ടി വരികയും തുടർച്ചയായി 7-8 മാസത്തോളം അദ്ദേഹം കിടപ്പിലാകുകയും ചെയ്തു. അതേ കാലയളവിൽ തന്നെ അവരുടെ ഗോതമ്പ് പാടത്തിന് തീ പിടിക്കുകയും വിളവുകൾ നശിക്കുകയും ചെയ്തു. കരിഞ്ഞുപോയ ഗോതമ്പ് പൊടിച്ച് ഉണ്ടാക്കിയ റൊട്ടി കഴിച്ചാണ് ആ വർഷം തങ്ങളുടെ കുടുംബം പട്ടിണി മാറ്റിയതെന്ന് യശോദ പറയുന്നു.
ഭർത്താവ് കിടപ്പിലായതോടെ കുടുംബം പുലർത്താൻ വീട്ടിലിരുന്ന് ചെയ്യാവുന്ന എന്തെങ്കിലും ജോലി കണ്ടെത്തേണ്ട അവസ്ഥയിലായി യശോദ. അപ്പോഴാണ് ഒരു സ്മാർട്ട്‌ഫോൺ ദീപാവലി സമ്മാനമായി യശോദയുടെ കൈകളിലെത്തുന്നത്. ജീവിതച്ചെലവിനുള്ള പണം എങ്ങനെ ഫോൺ ഉപയോഗിച്ച് കണ്ടെത്താമെന്നായിരുന്നു ഫോൺ കയ്യിൽ കിട്ടിയപ്പോൾ മുതൽ യശോദയുടെ തിരച്ചിൽ.
ആദ്യം മോട്ടിവേഷൻ ചാനലും പിന്നീട് വ്ലോഗിങ്ങും പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. പിന്നീടാണ് ഗ്രാമീണരെയും വീട്ടമ്മമാരെയും ഇംഗ്ലീഷ് പഠിപ്പിച്ചാലോ എന്ന ചിന്തയിലേക്ക് വരുന്നത്. പക്ഷേ സ്വന്തമായി ഇംഗ്ലീഷ് അറിയാത്ത ആൾ എങ്ങനെ മറ്റുള്ളവരെ പഠിപ്പിക്കും. ഇംഗ്ലീഷ് സംസാരിക്കുന്ന മറ്റ് വിഡിയോകൾ നിരന്തരം കേൾക്കുകയും അവ അനുകരിച്ച് പരിശീലിക്കുകയും ചെയ്തു.
15 ദിവസത്തെ പഠനത്തിന് ശേഷം യശോദ സ്വന്തമായി സംസാരിച്ചു തുടങ്ങി. 2023 ഡിസംബർ 26-ന് 'ഇംഗ്ലീഷ് വിത്ത് ദേഹാതി മാഡം' എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. തുടക്കത്തിൽ കുടുംബത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും കടുത്ത സംശയങ്ങളും എതിർപ്പുകളുമാണ് യശോദയ്ക്ക് നേരിടേണ്ടി വന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
യൂട്യൂബിൽ നിന്ന് പണമൊന്നും കിട്ടില്ലെന്നും സമയം പാഴാക്കരുതെന്നും ഭർത്താവ് ആദ്യഘട്ടത്തിൽ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തു. എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് മുന്നോട്ട് പോയ യശോദയെ പിന്നീട് ഭർത്താവ് പിന്തുണയ്ക്കാൻ തുടങ്ങി. ചാനൽ തരംഗമായതോടെ തന്റെ പേരിനൊപ്പം നാട്ടിൻപുറത്തുകാരി എന്നർഥം വരുന്ന ദേഹാതി എന്ന വാക്ക് യശോദ കൂട്ടിച്ചേർത്തു. ഇന്ന് യൂട്യൂബിൽ മാത്രം 4 ലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരാണ് യശോദയ്ക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates