ബോളിവുഡിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ഹോളിവുഡിലേക്ക് നടി പ്രിയങ്ക ചോപ്ര ചുവടുവയ്ക്കുന്നത്. ഹോളിവുഡിൽ താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഇന്ത്യൻ സിനിമയിൽ താൻ കെട്ടിപ്പെടുത്ത അഭിനയ മികവിനോളം എത്താൻ ഹോളിവുഡിലെ തന്റെ പ്രകടനങ്ങൾക്ക് ഇനിയും സമയം വേണമെന്നും പറയുകയാണ് പ്രിയങ്കയിപ്പോൾ.
കാൻ ലയൺസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു നടി. "എന്റെ ബോളിവുഡ് സിനിമാ കരിയറിൽ ഞാൻ മികച്ച സംവിധായകർക്കൊപ്പവും മികച്ച നടന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അത്ഭുതകരമായ കഥകൾ പറയുന്ന വൈവിധ്യമാർന്ന നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു.
എന്നാൽ ഹോളിവുഡിൽ എത്തിയപ്പോൾ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. കരിയറിലെ അടുത്ത ഘട്ടത്തിൽ, ഇന്ത്യൻ സിനിമയിൽ താൻ പരീക്ഷിച്ചതു പോലെയുള്ള അഭിനയ വൈവിധ്യം ഹോളിവുഡിലും കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്". -പ്രിയങ്ക പറഞ്ഞു.
വിവാഹ ജീവിതത്തിലേക്കും മാതൃത്വത്തിലേക്കും കടന്നതോടെ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്നും താരം തുറന്നു പറഞ്ഞു. മകൾ മാൽട്ടി മേരിയുടെ വരവോടെ തന്റെ മുൻഗണനകൾ പൂർണമായും മാറിയെന്ന് പ്രിയങ്ക വ്യക്തമാക്കി.
"ഒരുകാലത്ത് ബാഗും പാക്ക് ചെയ്ത് എപ്പോൾ വേണമെങ്കിലും ഷൂട്ടിങ്ങിനായി എവിടേക്ക് വേണമെങ്കിലും പോകാമായിരുന്നു. വർഷത്തിൽ അഞ്ചു സിനിമകൾ വരെ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഞാൻ പഴയതുപോലെ യാത്ര ചെയ്യാറില്ല. ഞാൻ ചെലവഴിക്കുന്ന സമയത്തെക്കുറിച്ചും ആരോടൊപ്പമാണ് സമയം ചെലവഴിക്കുന്നതെന്നും എന്ന കാര്യത്തിൽ ഞാൻ ശരിക്കും വളരെ സെലക്ടീവാണ്...
കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം ഇപ്പോൾ ഏറെ പ്രധാനമാണ്. ഒരു വർക്കിങ് മോം എന്ന നിലയിലുള്ള ജീവിതം ഞാൻ ഇപ്പോൾ ആസ്വദിക്കുകയാണ്. അമ്മയോടുള്ള ബഹുമാനം ഇപ്പോൾ എനിക്ക് പതിന്മടങ്ങ് വർധിച്ചിരിക്കുന്നു". -പ്രിയങ്ക പറഞ്ഞു.
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി ആണ് പ്രിയങ്ക ചോപ്രയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. മഹേഷ് ബാബു, പൃഥ്വിരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മന്ദാകിനി എന്ന കഥാപാത്രമായാണ് വാരാണസിയിൽ പ്രിയങ്ക എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates