ആന്ധ്രാ പ്രദേശിലെ അനന്തപുർ ജില്ലയിലുള്ള സ്കൂൾ വിദ്യാർഥിനിക്ക് നേരെ ചെയിൻസോ ഉപയോഗിച്ച് നടന്ന ഞെട്ടിക്കുന്ന ആക്രമണത്തിന് പിന്നാലെ, സിനിമയിലെ ഹിംസയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. സിനിമകളിലെ അക്രമ രംഗങ്ങളാണോ യഥാർഥ ജീവിതത്തിലെ കുറ്റകൃത്യങ്ങൾക്ക് കാരണം എന്ന വിഷയത്തിലുള്ള ചർച്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ.
സിനിമകളിൽ കാണിക്കുന്ന വയലൻസ് രംഗങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് ആർജിവി തന്റെ നിലപാട് വ്യക്തമാക്കിയത്. യഥാർഥ ജീവിതത്തിലെ കുറ്റകൃത്യങ്ങൾക്ക്, സിനിമകളെ കുറ്റപ്പെടുത്തുന്ന രീതി അദ്ദേഹം പൂർണമായും തള്ളിക്കളഞ്ഞു. "കുറ്റകൃത്യങ്ങൾ കൂടുമ്പോൾ സിനിമകളെ കുറ്റപ്പെടുത്തുന്നത്, തട്ടിക്കൊണ്ടു പോകുന്നത് കൂടുമ്പോൾ രാമായണത്തെ കുറ്റപ്പെടുത്തുന്നത് പോലെയാണ്" എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
രാം ഗോപാൽ വർമയെ വിമർശിച്ചു കൊണ്ട് നിരവധി പേരാണിപ്പോൾ രംഗത്തെത്തുന്നത്. പുസ്തകങ്ങൾക്ക് മനുഷ്യന്റെ ചിന്തകളെ മാറ്റാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് സിനിമകൾക്ക് കഴിയില്ലെന്ന് വിമർശകർ ചോദ്യം ചെയ്തു. രാമായണത്തിൽ തട്ടിക്കൊണ്ടു പോകലിനെ മഹത്വവത്കരിക്കുന്നില്ലെന്നും അത്തരം കഥാപാത്രങ്ങളെ മോശമായി തന്നെയാണ് കാണിക്കുന്നതെന്നും ചിലർ ചൂണ്ടിക്കാട്ടി.
നേരെമറിച്ച്, സിനിമാ രംഗങ്ങൾ അക്രമങ്ങളെയും ക്രൂരന്മാരായ കഥാപാത്രങ്ങളെയും ഹീറോകളായി മഹത്വവത്കരിക്കുകയാണ് ചെയ്യുന്നതെന്ന് അവർ ആരോപിച്ചു. അനന്തപുർ ജില്ലയിലെ റാപ്താഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ നടന്ന ഞെട്ടിക്കുന്ന ആക്രമണത്തെത്തുടർന്നാണ് ഈ വിവാദങ്ങൾ ഉണ്ടായത്.
21-കാരനായ ഹേമന്ത് എന്നയാൾ ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറി പത്താം ക്ലാസ് വിദ്യാർഥിനിയെ ചെയിൻസോ ഉപയോഗിച്ച് ആക്രമിക്കുകയും മുഖത്തും തലയിലും കഴുത്തിലും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വിദ്യാർഥിനിക്ക് നേരെ ആക്രമണമുണ്ടായത്. മുഖത്തും തലയിലും കഴുത്തിലും സാരമായ പരിക്കേറ്റ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വിദ്യാർഥിക്കും പരിക്കേറ്റിട്ടുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates