Ranjini Haridas and Tovino Thomas 
Entertainment

പെണ്ണിനെപ്പോലെ ദുപ്പട്ടയിട്ട് നില്‍ക്കുകയായിരുന്നു; ടൊവിനോയ്ക്കും ദേഷ്യം വന്നു; 'അതിരടി' ഫെസ്റ്റില്‍ നടന്നത് എന്തെന്ന് രഞ്ജിനി

എങ്ങനെയാണ് കുട്ടികളെ നഷ്ടമാകുന്നത്? അത്രയും ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളാണോ നിങ്ങള്‍?

Author : സമകാലിക മലയാളം ഡെസ്ക്

അതരടി ഫെസ്റ്റിനിടെ നടന്ന സംഭവത്തില്‍ വിശദീകരണവുമായി രഞ്ജി ഹരിദാസ്. ബേസില്‍ ജോസഫ്-ടൊവിനോ തോമസ് ചിത്രം അതിരടിയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് ബീച്ചില്‍ നടത്തിയ ഫെസ്റ്റിനിടെയായിരുന്നു സംഭവം. വലിയ ജനക്കൂട്ടമായിരുന്നു പരിപാടി കാണാനെത്തിയത്. ഇതോടെ തിക്കിലും തിരക്കിലും പെട്ട് കുറേ കുട്ടികളെ കാണാതായി.

കാണാതായ കുട്ടികളുടെ പേര് അവതാരകയായ രഞ്ജിനി വായിക്കുന്നതിനിടെ സദസില്‍ നിന്നും ചിലര്‍ തമാശ പറഞ്ഞും മറ്റും രംഗം വഷളാക്കുകയായിരുന്നു. ഇവര്‍ക്ക് രഞ്ജിനിയും പിന്നാലെ നടന്‍ ടൊവിനോ തോമസും മറുപടി നല്‍കുകയും ചെയ്തു. ഈ വിഡിയോകള്‍ വൈറലായി മാറിയിരുന്നു. അന്ന് അവിടെ യഥാര്‍ത്ഥത്തില്‍ നടന്നത് എന്തെന്ന് വെളിപ്പെടുത്തുകയാണ് രഞ്ജിനി ഹരിദാസ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു രഞ്ജിനിയുടെ പ്രതികരണം. ആ വാക്കുകളിലേക്ക്:

അതിരടി ഫെസ്റ്റിനിടെ സ്റ്റേജിനിടെ ഒന്ന് രണ്ട് സംഭവങ്ങളുണ്ടായി. 90 ശതമാനം പേരും ഞങ്ങള്‍ ചെയ്തത് നല്ലതാണെന്ന് പറഞ്ഞു. പക്ഷെ സത്യത്തില്‍ അവിടെ നടന്നത് എന്താണെന്ന് എത്ര പേര്‍ക്ക് അറിയാമെന്ന് സംശയമുണ്ട്. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മനസിലായിട്ടുള്ളൂ.

ഭയങ്കര ജനക്കൂട്ടമായിരുന്നു. ഒരു ലക്ഷത്തിലധികം ആളുകളുണ്ടായിരുന്നു. 6.30 നാണ് പരിപാടി തുടങ്ങേണ്ടത്. കാലിക്കറ്റ് ബീച്ചില്‍ ഒരു പരിപാടി നടക്കുന്നുവെന്ന് പറഞ്ഞാല്‍ അത്രയും ജനങ്ങള്‍ വരും. ഹോട്ടലില്‍ നിന്നും ഞാന്‍ ആറ് മണിയ്ക്ക് ഇറങ്ങി. 15 മിനുറ്റ് ദൂരമേയുള്ളൂ. ആറ് മണിക്ക് ഇറങ്ങിയ ഞാന്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടു. 7 മണിയ്ക്കും എത്താനായില്ല. സ്‌റ്റേജില്‍ കയറിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകി. അവര്‍ എനിക്കായി കാത്തിരിക്കുകയായിരുന്നു. വണ്ടിയില്‍ എത്താന്‍ പറ്റാത്തതിനാല്‍ 200 മീറ്റര്‍ അപ്പുറത്ത് ഇറങ്ങിയാണ് സ്റ്റേജിലേക്ക് എത്തിയത്.

7.30 ആയി സ്റ്റേജില്‍ കയറുമ്പോള്‍. സോറി പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. ആദ്യം അവര്‍ പറയുന്നത് കേട്ടത് അവര്‍ക്ക് വേണ്ട വെള്ളം ഇല്ലെന്നാണ്. ക്രൂ സാധ്യമാകുന്നതെല്ലാം ചെയ്തിരുന്നു. പക്ഷെ ആള്‍ക്കൂട്ടത്തില്‍ നിന്നും പുറത്ത് കടക്കാനോ വെള്ളം എടുക്കാനോ സാധിച്ചിരുന്നില്ല. ഞാന്‍ തന്നെ ബാക്ക് സ്‌റ്റേജിലേക്ക് പോയി വെള്ളം എടുത്തു കൊണ്ട് വരികയും ഓരോ കുപ്പികളായി എറിഞ്ഞു നല്‍കുകയും ചെയ്തു. അങ്ങനെ അവര്‍ ശാന്തരായി.

എല്ലാ കൂട്ടത്തിലും കാണും കുറച്ച് പേര്‍, ഒരു കാര്യം പറയുമ്പോള്‍ വേറെ കാര്യം പറഞ്ഞ് അറ്റന്‍ഷന്‍ കിട്ടാന്‍ ശ്രമിക്കുന്നവര്‍. ഷോ തുടങ്ങിയപ്പോള്‍ കുറേ കുട്ടികളെ കാണാതായി. ഒന്നും രണ്ടുമല്ല പത്തിരുപത് കുട്ടികളെ കാണാതായിട്ടുണ്ട്. ഒരു ലിസ്റ്റ് തന്നെയുണ്ടായിരുന്നു. അത് മാറിക്കൊണ്ടേയിരിക്കുകയായിരുന്നു. ഞാന്‍ ആ പേരുകള്‍ സ്റ്റേജില്‍ അനൗണ്‍സ് ചെയ്തു. ഇതിനിടെ പെട്ടെന്ന് ഒരു ചെക്കന്‍ ആ കുട്ടി അവിടെ ഉണ്ടെന്ന് പറഞ്ഞു. സത്യത്തില്‍ അവിടെ ഉണ്ടായിരുന്നില്ല. അറ്റന്‍ഷന് വേണ്ടി ചെയ്തതാണ്. അവന്റെ കൂട്ടുകാരന്‍ പെണ്‍കുട്ടിയെപ്പോലെ ദുപ്പട്ടയിട്ട് നില്‍ക്കുകയായിരുന്നു.

ഗൗരവ്വമുള്ളൊരു വിഷയത്തെ തമാശയാക്കി. അതോടെ എനിക്ക് ദേഷ്യം വന്നു. എന്ത് ബോറാണെന്ന് ഞാന്‍ ചോദിച്ചു. ഇതേ സംഭവം തന്നെയാണ് പിന്നീട് ടൊവിനോയും സ്‌റ്റേജിലുണ്ടായിരുന്നപ്പോള്‍ നടന്നത്. ടൊവിനോയ്ക്കും ദേഷ്യം വന്നു. പക്ഷെ ടൊവിനോ എന്നേക്കാളും ശാന്തമായി കൈ കാര്യം ചെയ്തു. പക്ഷെ അദ്ദേഹത്തിനും ദേഷ്യം വന്നിരുന്നു.

ഇത്രയും ഗൗരവ്വമുള്ളൊരു വിഷയം എങ്ങനെയാണ് തമാശയാക്കാന്‍ സാധിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെ പെരുമാറുന്നത് ചെറുപ്പക്കാരാണ്. വിവരമില്ലാത്ത, സ്വന്തം കാര്യം മാത്രം നോക്കുന്ന, അറ്റന്‍ഷന്‍ ആവശ്യമുള്ള ആള്‍ക്കാരാണ്. അതില്‍ ആണ്-പെണ്ണ് എന്നില്ല. എല്ലാവരുമുണ്ട്. ഇതുപോലെ പത്തോ ഇരുപതോ തവണ സ്‌റ്റേജില്‍ കയറി സംസാരിച്ചിട്ടുണ്ട്. എല്ലാ കുട്ടികളേയും കിട്ടി.

ഒരു കാര്യം കൂടി ചോദിക്കാനുണ്ട്. എനിക്ക് മനസിലാകാത്തൊരു കാര്യം എന്തെന്നാല്‍, ഇത്രയും അധികം ആള്‍ക്കാര്‍ ഒരുമിച്ച് വരുന്ന സ്ഥലത്ത് എങ്ങനെയാണ് സ്വന്തം മക്കളെ നഷ്ടമാകുന്നത്? അതും അഞ്ചും ആറും ഏഴും വയസുളള കുട്ടികളാണ്. എങ്ങനെയാണ് കുട്ടികളെ നഷ്ടമാകുന്നത്? അത്രയും ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളാണോ നിങ്ങള്‍? കോഴിക്കോട്ടെ സംഭവം മാത്രമല്ല, ഇതുപോലെ വലിയ ജനക്കൂട്ടമുണ്ടാകുന്നിടത്തൊക്കെ ആളുകളെ കാണാതാകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.

എന്തിനാണ് ഇത്രയും ചെറിയ കുട്ടികളെ കൊണ്ടു വരുന്നത്? കുറച്ചൊന്ന് ആലോചിക്കാം. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോഴുള്ള പരിഭ്രാന്തി ഞാന്‍ അവിടെ പലരുടേയും മുഖത്ത് കണ്ടു. 25 വയസ്സുള്ളവരെയൊക്കെ എങ്ങനെയാണ് കാണാതാവുന്നത്. കാണാതാവുന്നതാണോ അതോ കൂട്ടം വിട്ടുപോവുന്നതാണോ? അടുത്ത തവണ ഇങ്ങനെ ഷോകള്‍ക്ക് പോവുമ്പോള്‍, നിങ്ങള്‍ തന്നെ കൈയില്‍ ഒരുകുപ്പി വെള്ളം കരുതുക. ആള്‍ക്കൂട്ടതിന് ഇടയിലായാല്‍ പുറത്തിറങ്ങാന്‍ വലിയ ബുദ്ധിമുട്ടാണ്. എത്രപേരാണ് തളര്‍ന്നുവീണത് എന്നറിയുമോ?

Ranjini Haridas explains what happened during Athiradi fest. Reveals what made Tovino Thomad and herself angry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

ബംഗാളില്‍ ഒഴിവാക്കിയ വന്ദേമാതരം പൂര്‍ണമായി ചൊല്ലി; കേന്ദ്ര നിര്‍ദേശം പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍

Japan MEXT Scholarship 2027: ജപ്പാനിൽ പോയി പഠിക്കാം, പണം സർക്കാർ നൽകും; ഒരു ലക്ഷം വരെ സ്റ്റൈപൻഡും, യോഗ്യത പ്ലസ് ടു,

20 വര്‍ഷം മുന്‍പ് ഇതേ ദിവസം ജനസാഗരമായി സെന്‍ട്രല്‍ സ്റ്റേഡിയം; 'വിഎസില്‍ നിന്ന് വിഡിഎസിലേക്ക്'

ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗം എത്രത്തോളം സുരക്ഷിതം?

SCROLL FOR NEXT