നടന്‍ സതീഷ് ഷായുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡിനെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. ടെലിവിഷനിലും സിനിമയിലുമൊക്കെയായി കാലങ്ങളായി തങ്ങളെ ചിരിപ്പിച്ച നടന്റെ വേര്‍പാട് ആരാധകര്‍ക്കും താങ്ങാന്‍ സാധിക്കുന്നതല്ല. കിഡ്‌നി സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം കഴിഞ്ഞ ദിവസം ഹിന്ദുജ ആശുപത്രിയില്‍ വച്ചാണ് മരണപ്പെടുന്നത്.
സാരാഭായ് വെഴ്‌സസ് സാരാഭായ് മുതല്‍ മേം ഹൂ നായും ജാനേ ഭി ദോ യാരോയും വരെ നിരവധി സിനിമകളുണ്ട് സതീഷ് ഷായുടെ ഓര്‍മകള്‍ക്ക് അമരത്വം പകരാന്‍. സ്‌ക്രീനില്‍ സതീഷ് വന്നപ്പോഴൊക്കെ പ്രേക്ഷകര്‍ക്ക് അദ്ദേഹം ചിരി പടര്‍ന്നു. ഇടയ്‌ക്കൊക്കെ വിങ്ങലുകളും. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന, കാണുന്നവരുടെ മുഖത്തും ചിരി വിടര്‍ത്തുന്ന സതീഷ് ഷാ ഇനിയില്ലെന്നത് അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല.
സതീഷ് ഷായുടെ മരണത്തോടെ ഭാര്യ മധുവിന് ബാക്കിയാകുന്നത് അനാഥത്വമാണ്. അള്‍ഷിമേഴ്‌സ് വന്ന് ഓര്‍മകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മധുവിനെ വര്‍ത്തമാനവുമായി ബന്ധപ്പെടുത്തിയിരുന്നത് സതീഷായിരുന്നു. ആ കരമാണ് മധുവിന് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. 74-കാരനായിരുന്ന സതീഷ് ഈയ്യടുത്താണ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തന്റെ ഭാര്യയ്‌ക്കൊപ്പം ജീവിക്കാനും, അവള്‍ക്ക് താങ്ങാകാനും വേണ്ടി മാത്രമാണ് സതീഷ് ഷാ കഡ്‌നി മാറ്റിവച്ചതെന്നാണ് സുഹൃത്തും നടനുമായ സച്ചിന്‍ പില്‍ഗോങ്കര്‍ പറയുന്നത്.
''അദ്ദേഹം കിഡ്‌നി മാറ്റിവച്ചത് തന്റെ ഭാര്യയുടെ ആയൂസ് നീട്ടിക്കിട്ടാന്‍ വേണ്ടി മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ മധുവിന് സുഖമില്ല. അവള്‍ക്ക് അള്‍ഷിമേഴ്‌സ് ആണ്. ഈ വര്‍ഷമാണ് സതീഷിന്റെ കിഡ്‌നി മാറ്റിവച്ചത്. ഭാര്യയെ പരിചരിക്കാനായി കുറേക്കാലം കൂടി ജീവിക്കണമെന്നായിരുന്നു അവന്. ഡയാലിസിസ് ചെയ്യുകയായിരുന്നു. നേരത്തെ ബൈപ്പാസ് സര്‍ജറിയും ചെയ്തിരുന്നു'' എന്നാണ് സച്ചിന്‍ പറയുന്നത്.
മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സച്ചിന്റെ ഭാര്യയും നടിയുമായ സുപ്രിയ സതീഷിനേയും മധുവിനേയും സന്ദര്‍ശിച്ചിരുന്നു. മധുവിനൊപ്പം സുപ്രിയ നൃത്തം ചെയ്യുകയും ചെയ്തിരുന്നു. മരിക്കുന്നതിന് കുറച്ച് മണിക്കൂറുകള്‍ മുമ്പ് സതീഷ് തനിക്ക് അയച്ച സന്ദേശത്തെക്കുറിച്ചും സച്ചിന്‍ ഓര്‍ക്കുന്നുണ്ട്.
''ഞാനും സതീഷും നിരന്തരം മെസേജുകള്‍ അയക്കുമായിരുന്നു. സത്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12.56 നും അവന്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അതിനര്‍ത്ഥം അപ്പോള്‍ അവന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ്. അതിനാലാണ് അവന്റെ വിയോഗം എനിക്ക് കടുത്ത ഞെട്ടലും വേദനയുമാകുന്നത്'' എന്നാണ് സുഹൃത്ത് പറയുന്നത്.
മധുവിനും സതീഷിനും മക്കളില്ല. കുട്ടികള്‍ വേണ്ടതെന്ന് ഇരുവരും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പരസ്പരം താങ്ങാകാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും, തങ്ങള്‍ മതിയെന്നുമായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സതീഷ് യാത്ര പറയാതെ ഇറങ്ങിപ്പോകുമ്പോള്‍, കൊഴിഞ്ഞു പോകുന്ന ഓര്‍മകളുമായി മധു എകയാവുകയാണ്.
ടെലിവിഷനിലൂടെയാണ് സതീഷ് സിനിമയിലെത്തുന്നത്. പിന്നീട് സിനിമയിലെത്തി. മേം ഹൂം നാ, സം സാത്ത് സാത്ത് ഹേന്‍, ജാനേ ഭി ദോ യാരോം, കല്‍ ഹോ ന ഹോ, കഹോ ന പ്യാര്‍ ഹേ, ജുഡ്വാ, ഹീറോ നമ്പര്‍ 1 തുടങ്ങി നിരവധി ഹിറ്റുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സാരാഭായ് വെഴ്‌സസ് സാരാഭായ് ആണ് സതീഷിനെ താരമാക്കുന്നത്. ഒരു തലമുറയുടെ മനസില്‍ ഇടം നേടിയ നടനാണ് വിട പറഞ്ഞിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates