അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് ശ്രുതി രജനികാന്ത്. ആരാധിച്ചിരുന്ന പലരേയും നേരിട്ട് പരിചയപ്പെട്ടപ്പോള്‍ വിചാരിച്ചിരുന്നത് പോലെയല്ലെന്നും ശ്രുതി പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രുതി മനസ് തുറന്നത്. താന്‍ നൂറിലേറെ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്.
''മിന്നുന്നതെല്ലാം പൊന്നല്ല എന്ന് കാരണവന്മാര്‍ പറഞ്ഞതു പോലെയാണ്. പുറമേ നിന്ന് കാണുമ്പോള്‍ എല്ലാവരും നല്ലവരാണ്. നമ്മളെ സഹായിക്കും എന്ന് തോന്നും. ഞാന്‍ അങ്ങനെ ചെയ്യുന്ന ആളാണ്. ഞാന്‍ സഹായിച്ചവര്‍ ഇപ്പോള്‍ മുന്‍നിരയിലുണ്ട്. ചിലര്‍ അന്യഭാഷകളില്‍ അഭിനയിക്കുന്നുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്കത് ഇഷ്ടമാണ്. ഒരാള്‍ക്ക് അവസരം വാങ്ങി നല്‍കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ എന്റെ കാര്യത്തില്‍ അങ്ങനെ അധികം കണ്ടിട്ടില്ല'' ശ്രുതി പറയുന്നു.
''എല്ലാം ഞാന്‍ തന്നെ കഷ്ടപ്പെട്ട് നേടിയതാണ്. അല്ലാതെ ഒരാള്‍ വന്ന് നീ ഇത്രയും കഷ്ടപ്പെടുന്നതല്ലേ നിനക്ക് അവസരം നല്‍കാം എന്ന് പറഞ്ഞിട്ടില്ല. അടുത്തു നില്‍ക്കുന്നവര്‍ പോലും നമ്മളെ സജസ്റ്റ് ചെയ്യാത്തതൊക്കെ ഞാന്‍ കണ്ടിട്ടുള്ളതാണ്. ദൂരെ നിന്ന് കണ്ട് ആരാധിച്ച പലരേയും അടുത്ത് ചെന്ന് കാണുമ്പോള്‍, അവരുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ കാണുമ്പോല്‍ അയ്യോ നമ്മള്‍ ഇങ്ങനല്ലല്ലോ വിചാരിച്ചതെന്ന് തോന്നിയിട്ടുണ്ട്.''
''അങ്ങനെ ഞാന്‍ കുറേയൊക്കെ മടുത്തിട്ടുണ്ട്. പണ്ട് ഫെമിലിയര്‍ അല്ലെന്ന് പറയും. പക്ഷെ ഇപ്പോള്‍ ആളുകള്‍ക്ക് പരിചിതയാണ്. എന്നിട്ടും അവസരങ്ങള്‍ എന്തുകൊണ്ട് വരുന്നില്ലല്ലെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ഇപ്പോഴും എനിക്ക് അത്രത്തോളം അവസരങ്ങള്‍ വരുന്നില്ല.'' താരം പറയുന്നു. പിന്നാലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും ശ്രുതി സംസാരിക്കുന്നുണ്ട്.
''എല്ലായിടത്തുമെന്ന പോലെ സിനിമയിലും കാസ്റ്റിങ് കൗച്ചും അഡ്ജസ്റ്റ്‌മെന്റ് ചോദിക്കുന്നവരും പണം ചോദിക്കുന്നവരുമുണ്ട്. അതുപോലെ തന്നെ കലയെ സ്‌നേഹിക്കുന്നവരുമുണ്ട്. അത് വേണോ വേണ്ടയോ തീരുമാനിക്കുന്നത് നമ്മളാണ്. എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ എന്നെയത് ബാധിച്ചിട്ടില്ല. എനിക്ക് പ്രതികരണ ശേഷിയുണ്ട്. സിനിമയ്ക്ക് വേണ്ടി എന്റെ ശരീരം സാക്രിഫൈസ് ചെയ്യേണ്ടതില്ല. അഡ്ജസ്റ്റ്‌മെന്റിലൂടെ കിട്ടുന്ന അവസരത്തില്‍ നമ്മുടെ കഴിവെന്താണ്? അതിനോട് എനിക്ക് താല്‍പര്യമില്ല. എനിക്ക് അങ്ങനെ വേണ്ട. ദൈവം സഹായിച്ച് അങ്ങനെ സമ്പാദിച്ച് ജീവിക്കേണ്ട അവസ്ഥയില്ല'' എന്നാണ് താരം പറയുന്നത്.
''അങ്ങനൊരു അവസരത്തിന്റെ ആവശ്യമില്ലെന്ന് പറഞ്ഞാല്‍ ആരും നമ്മളെ ഒന്നും ചെയ്യില്ല. അവസരങ്ങള്‍ നിഷേധിക്കാം. പക്ഷെ മനുഷ്യരെ മാറ്റാനാകില്ല. നമുക്ക് ചെയ്യാനാകുന്നത് ക്ഷമയോടെ കാത്തിരിക്കാം എന്നതാണ്. ചിലപ്പോള്‍ അതുകൊണ്ടാകാം എനിക്ക് അവസരങ്ങള്‍ വരാതിരിക്കുന്നത്. അവസരങ്ങള്‍ക്ക് വേണ്ടി ഒക്കെ പറഞ്ഞ ശേഷം പ്രതികരിക്കാന്‍ പോകരുത്. നാളെ ഒരാളോട് പറഞ്ഞാല്‍ എന്തുകൊണ്ട് നോ പറഞ്ഞില്ലെന്നാകും ആദ്യത്തെ ചോദ്യം'' എന്നും ശ്രുതി പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates