Sidhique, Shajikumar 
Entertainment

'മരിച്ചു കിടക്കുന്ന ഒരാളെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും? മരിക്കാന്‍ ഭയം തോന്നുന്നു'; സിനിമയിലെ 'പ്രശസ്തര്‍ക്കെതിരെ' സിദ്ദീഖ്

' മരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കുമ്പോള്‍, ദുഃഖമോ ദേഷ്യമോ അല്ല, ഒരുതരം ഞെട്ടലാണ് അനുഭവപ്പെടുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മരണ വീട്ടിലെത്തി, മരിച്ച വ്യക്തിയെ കുറ്റപ്പെടുത്തുന്ന മാനസികാവസ്ഥയെ വിമര്‍ശിച്ച് നടന്‍ സിദ്ദീഖ്. മരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് കാണുമ്പോള്‍ ഞെട്ടലാണ് അനുഭവപ്പെടുന്നതാണെന്നാണ് സിദ്ദീഖ് പറയുന്നത്. ഛായാഗ്രാഹാകന്‍ ഷാജികുമാറിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ചാണ് സിദ്ദീഖിന്റെ വിമര്‍ശനമെന്നാണ് വിലയിരുത്തല്‍. ആ വാക്കുകളിലേക്ക്:

മരണ ഭയം. എവിടെയോ വായിച്ച ഒരു ഓര്‍മ്മ. മരണ വീട്ടിലേക്ക് നമ്മള്‍ ഓടിയെത്തുന്നത്, നഷ്ടപ്പെട്ട ബന്ധുവിനെയോ സുഹൃത്തിനെയോ ഓര്‍ത്തുള്ള ദുഃഖത്തോടെ മാത്രമല്ല, മറിച്ച്, മരിച്ചത് താന്‍ അല്ലല്ലോ എന്ന, ചെറിയ ഒരു ആശ്വാസത്തോടും കൂടിയാണ്. ഓരോരുത്തരും ഈ ലോകത്തോട് യാത്ര പറഞ്ഞു പോകുമ്പോഴും, നമ്മള്‍ ഇവിടെ തന്നെ ഉണ്ടല്ലോ എന്ന സന്തോഷം അനുഭവിക്കുന്നുണ്ട് നമ്മളില്‍ പലരും. ആ സന്തോഷത്തിന്റെ അളവ് , മരിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും.

അതില്‍ ആരെയും തെറ്റു പറയാനോ കുറ്റപ്പെടുത്താനോ ആവില്ല. എന്നാല്‍ ഒരു മരണവീട്ടില്‍ വന്നു നിന്ന്, മരിച്ച വ്യക്തിയെ, അയാളുടെ മരണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കുമ്പോള്‍, ദുഃഖമോ ദേഷ്യമോ അല്ല, ഒരുതരം ഞെട്ടലാണ് അനുഭവപ്പെടുന്നത്. നാളെ ഞാനും ഇതുപോലെ വെള്ള പുതച്ചു കിടക്കുമ്പോള്‍, എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് അവകാശപ്പെടുന്നവര്‍ വന്നു നിന്ന്, എന്നെക്കുറിച്ചും ഇതുപോലെ പറഞ്ഞു രസിക്കില്ലേ??

കഴിഞ്ഞദിവസം എന്റെ ഒരു സുഹൃത്ത് (പേര് പറയുന്നില്ല നിങ്ങള്‍ക്കൊക്കെ അറിയാം) ഞങ്ങളെയൊക്കെ ഞെട്ടിച്ചുകൊണ്ട്, യാത്ര പോലും പറയാതെ പെട്ടെന്ന് അങ്ങ് പോയിക്കളഞ്ഞു. അവസാനമായി ആ ഭൗതികശരീരം ഒന്ന് കാണാന്‍ ഞാനും പോയി. പ്രശസ്തരും, പ്രഗല്‍ഭരുമായ ഒരുപാട് പേര്‍ കൂടി നില്‍പ്പുണ്ട്. എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങളും, ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ചുള്ള ഉത്തരങ്ങളും കേട്ടു.

ഷുഗര്‍ ഉണ്ടായിരുന്നോ? പിന്നെ...400 മുകളിലായിരുന്നു.

510 ആണെന്നാ ഞാന്‍ കേട്ടത്. പ്രഷര്‍ 220

ആയിരുന്നെന്നും 300 ആയിരുന്നെന്നും പറയുന്നുണ്ട്.

തടി വല്ലാതെ കൂടുതലായിരുന്നു...

വ്യായാമൊന്നും ഇല്ലല്ലോ. മാത്രമല്ല ചോറ് ഒരുപാട് കഴിക്കും.

അയ്യയ്യോ... ഞാനൊക്കെ രണ്ടുനേരവും ചപ്പാത്തിയാ...

കഴിഞ്ഞ ആഴ്ച കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞതാ ചെക്കപ്പ് ചെയ്യണേ... എന്ന്,

കേട്ടില്ല..

നമുക്ക് പിന്നെ, ദൈവം സഹായിച്ച് പ്രഷറും ഷുഗറും ഒന്നുമില്ല...

പുള്ളി മദ്യപിക്കുമായിരുന്നോ?

ഏയ്..അതില്ല.

അതുകൊണ്ട് കാര്യമില്ല. ഞാന്‍ ദിവസവും രണ്ടെണ്ണം അടിക്കും.

പക്ഷേ രാവിലെ ഒരു പത്ത് കിലോമീറ്റര്‍ നടക്കും. അതുകൊണ്ടല്ലേ ഇപ്പോഴും ഇങ്ങനെ കുട്ടപ്പന്‍ ആയിട്ട് ഇരിക്കുന്നത്.! പ്രായം എത്രയായിന്നാ വിചാരം?

50 കഴിഞ്ഞോ???

ഹഹഹ...62

ദൈവമേ!ദൈവം പോലും പറയില്ലല്ലോ!

അവിടെ നിന്ന് കുറച്ചു മാറി നിന്നാലോ എന്ന് കരുതി,

നടക്കാന്‍ തുടങ്ങിയ എന്നെ, മറ്റൊരു പ്രശസ്തന്‍ പിടിച്ചു നിര്‍ത്തി.

വല്ല ചെക്കപ്പ് ഒക്കെ ചെയ്യുന്നുണ്ടോ?

ഏയ്, ഒന്നും ചെയ്യാറില്ല. അയാള്‍ക്കൊരു സന്തോഷമായിക്കോട്ടേ, എന്ന് കരുതി ഞാന്‍ പറഞ്ഞു.

ഇതുപോലെ പെട്ടെന്ന് ഒരു ദിവസം അങ്ങ് പോകും.സൂക്ഷിച്ചോ.

അന്ന് ഫ്രീ ആയിരിക്കുവോ? വരാന്‍ സമയമുണ്ടാകുമോ??

എന്റെ ചോദ്യം ഇഷ്ടപ്പെടാതെ അയാള്‍ എന്റെ കയ്യില്‍ നിന്നും പിടി വിട്ടു.

ജീവിച്ചിരിക്കുമ്പോള്‍ ഒരാളെപ്പറ്റി നല്ലത് പറയാത്ത നമ്മള്‍, മരിക്കുമ്പോള്‍ അയാളെ വാനോളം പുകഴ്ത്തും. അത് മറ്റുള്ളവര്‍ക്ക് കേള്‍ക്കാനാണ്. ഒരാളെപ്പറ്റി നല്ലത് പറഞ്ഞു എന്ന ഖ്യാതി കിട്ടാനാണ്. എന്നാല്‍ മരിച്ചു കിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും? മരണം എന്നെ പിടികൂടാത്തത് എന്റെ മിടുക്കു കൊണ്ടാണെന്ന് വിചാരിക്കുന്നുണ്ടാവുമോ ഇവര്‍? മരിച്ചു കിടക്കുമ്പോള്‍ മറ്റുള്ളവര്‍ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്ന് ഓര്‍ത്തിട്ട് എനിക്കിപ്പോള്‍ മരിക്കാന്‍ ഭയം തോന്നുന്നു. മരണം ആരുടെയും കുറ്റമല്ല.. ആരും അറിഞ്ഞുകൊണ്ട് വിളിച്ചു വരുത്തുന്നതുമല്ല. വായിച്ചിട്ടില്ലേ? ജീവിക്കാന്‍ ധൈര്യമില്ലാത്തവര്‍ ആത്മഹത്യ ചെയ്യുന്നു. അതിനും ധൈര്യമില്ലാത്തവര്‍ ഇപ്പോഴും ഇവിടെ ജീവിക്കുന്നു.

Sidhique on how celebrities gossips about deaths.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബുള്‍ഡോസര്‍ യുപിയുടെ ബ്രാന്‍ഡ്, ഇവിടെ നിര്‍മിച്ചാല്‍ ഡിമാന്‍ഡ് കൂടും'; കമ്പനികളെ ക്ഷണിച്ച് യോഗി

'ഞങ്ങൾ അമ്മമാരെല്ലാം അങ്ങോട്ടുമിങ്ങോട്ടും വിളിക്കും, പ്രസവശേഷം മാനസികമായി ബുദ്ധിമുട്ടി; ചിലപ്പോഴൊക്കെ കുറ്റബോധം തോന്നും', കിയാര

ദേശീയ ശുചിത്വ പട്ടികയിൽ ആലപ്പുഴയ്ക്ക് തിളക്കമാർന്ന നേട്ടം; രാജ്യത്തെ മികച്ച തീരദേശ നഗരങ്ങളിൽ രണ്ടാം സ്ഥാനം

റോഡിൽ സ്പീക്കറിൽ പാട്ടിട്ട് ഗതാഗത തടസം; ചോദ്യം ചെയ്ത പൊലീസിന് നേരെ ആക്രമണം

രണ്ട് ചക്രവാതചുഴി; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത