വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് നെൽസൺ ദിലീപ് കുമാർ. രജനികാന്ത് ചിത്രം ജയിലർ 2 വിന്റെ തിരക്കുകളിലാണിപ്പോൾ നെൽസൺ. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണിപ്പോൾ. നെൽസന്റെ കരിയറിൽ ഏറെ വിമർശനങ്ങൾ നേടിയ ചിത്രമായിരുന്നു വിജയ് നായകനായെത്തിയ ബീസ്റ്റ്.
ദളപതി വിജയ് നായകനായതു കൊണ്ട് മാത്രമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് 200 കോടി നേടിയത്. ചിത്രത്തിന്റെ ഓപ്പണിങ് സീൻ എല്ലാവരിൽ നിന്നും മികച്ച അഭിപ്രായം നേടിയിരുന്നു. വിജയ്‌യും കുട്ടിയും തമ്മിലുള്ള കെമിസ്ട്രി എല്ലാവരുടെയും മനം കവർന്നിരുന്നു. ടൈറ്റിൽ എഴുതി കാണിക്കുന്നതിന് മുൻപുള്ള പശ്ചാത്തല സംഗീതവും എല്ലാവരുടെയും മനം കവർന്നിരുന്നു.
എന്നാലിപ്പോൾ ഈ രംഗം കോപ്പിയടി ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. കൊറിയൻ ചിത്രമായ നോ ടിയേഴ്സ് ഫോർ ദ് ഡെഡ്ഡിന്റെ ഓപ്പണിങ് സീനിൽ നിന്ന് കോപ്പിയടിച്ചതാണീ രംഗം എന്നാണ് ഒരു സിനിമാ പ്രേക്ഷകന്റെ കണ്ടെത്തൽ. ബീസ്റ്റിൽ ഓപ്പണിങ് സീനിലെ ഫൈറ്റ് ഔട്ട്‍ഡോർ ആണെങ്കിൽ കൊറിയൻ ചിത്രത്തിൽ റെസ്റ്റൊറന്റിന് അകത്ത് വച്ചാണ് ഫൈറ്റ്.
ബീസ്റ്റിൽ വിജയ് അവതരിപ്പിക്കുന്ന വീരരാഘവൻ എന്ന കഥാപാത്രം തൊടുക്കുന്ന ലോഞ്ചർ കാരണമാണ് കുട്ടി മരിക്കുന്നത്. നോ ടിയേഴ്സ് ഫോർ ദ് ഡെഡ്ഡിൽ നായകന്റെ തോക്കിൽ നിന്ന് വെടിയേറ്റാണ് കുട്ടി മരിക്കുന്നത്.
എന്നാൽ ഈ സീനുകൾ മാത്രമേ ഒരുപോലെയുള്ളെന്നും കഥ വ്യത്യസ്തമാണെന്നും സിനിമാ പ്രേമി പറയുന്നു. അതേസമയം 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ പൂജ ഹെഗ്ഡെ ആയിരുന്നു നായിക. ബീസ്റ്റിന്റെ പേരിൽ നെൽസണ് വൻ തോതിൽ ട്രോളുകളേറ്റു വാങ്ങേണ്ടി വന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates