Su From So movie review ഫയല്‍
Entertainment

'സു ഫ്രം സോ, സിനിമ ഫ്രം എവരിവേര്‍'; പേടിച്ച് ചിരിക്കാം, ചിരിച്ച് ചിന്തിക്കാം - റിവ്യു

സു ഫ്രം സോയുടെ ആത്മാവ് സപ്പോര്‍ട്ടിങ് കാസ്റ്റ് ആണ്.

സമകാലിക മലയാളം ഡെസ്ക്

പല ബിഗ് ബജറ്റ് / സ്റ്റാര്‍ വെഹിക്കിളുകളും ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ കടന്നു പോകുന്ന ഈ കാലത്ത് തങ്ങളുടെ സിനിമയില്‍ വിശ്വാസമുണ്ടെന്നും അതിനാല്‍ പ്രൊമോഷനുകളൊന്നും വേണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നെങ്കില്‍ അതിന് രണ്ട് തരത്തിലാകും വ്യാഖ്യാനിക്കപ്പെടുക. ഒന്നെങ്കില്‍ തങ്ങളുടെ കലാസൃഷ്ടിയിലുള്ള അമിതാത്മവിശ്വസാം. അല്ലെങ്കില്‍ തീരെ ആത്മവിശ്വാസമില്ലെന്നും. എന്നാല്‍ പലരും അമിതാത്മവിശ്വാസമെന്നും ഭയമെന്നും കരുതി എഴുതിത്തള്ളിയ സിനിമയിന്ന് ബോക്‌സ് ഓഫീസ് നിറയ്ക്കുകയാണ്.

പാന്‍ ഇന്ത്യന്‍ എക്‌സ്ട്രാവാഗന്‍സകളുടെ കാലത്ത് വലിയ താരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമൊന്നുമില്ലാതെയാണ് 'സു ഫ്രം സോ' എന്ന കന്നഡ ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ഒരു ഇളങ്കാറ്റായി തുടങ്ങി കര്‍ണാടക ബോക്‌സ് ഓഫീസാകെ ഇളക്കി മറിച്ച കൊടുങ്കാറ്റായി മാറുകയായിരുന്നു സു ഫ്രം സോ. കര്‍ണാടകയിലെ വിജയത്തിന് പിന്നാലെ ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റി കേരളത്തിലുമെത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കേരളത്തിലും നിറഞ്ഞോടുകയാണ് സു ഫ്രം സോ.

എന്തുകൊണ്ട് സു ഫ്രം സോ പോലൊരു കൊച്ചു സിനിമ ഇത്രത്തോളം സ്വീകരിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് ഇത്തരം തേടിയിറങ്ങിയാല്‍ ചെന്നെത്തുക, ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്ന പെല്ലിശ്ശേരിയാശാന്റെ വാക്കുകളിലേക്കാകും. മണ്ണില്‍ ചവിട്ടി നിന്ന് കഥ പറഞ്ഞപ്പോഴൊക്കെ അത് ലോകം കേട്ടിട്ടുണ്ട്. തുടര്‍ന്നും കേള്‍ക്കും.

ജെപി. തുമിനാദ് സംവിധാനം ചെയ്യുകയും പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്യുന്ന സു ഫ്രം സോ പറയുന്നത് മര്‍ലൂര്‍ എന്ന ഗ്രാമത്തിന്റെ കഥയാണ്. ചിത്രകഥകളെ ഓര്‍മ്മപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ നിറഞ്ഞൊരു ഗ്രാമം. സ്‌ക്രീന് പുറത്തെ ലോകത്തിന്റെ യുക്തിയോ വിശ്വാസങ്ങളോ ഒന്നും അവിടെ ബാധകമല്ല. ഒരു പൊടിക്ക് ഓവര്‍ ആണ് സിനിമയിലെ ഓരോ കഥാപാത്രങ്ങളും. നാട്ടിലെ ആറ് വയസുകാരന്‍ മുതല്‍ അറുപത് വയസുകാരന്‍ വരെ രവിയണ്ണന്‍ എന്ന് മാത്രം വിളിക്കുന്ന ശനീല്‍ ഗൗതം മുതല്‍ തുമിനാദ് തന്നെ അവതരിപ്പിക്കുന്ന അശോക വരെ എല്ലാവരും വളരെ യുണീക്കായ ക്യാരക്ടറുകളാണ്.

Su From So movie review

ഒരുനാള്‍ അശോക എന്ന യുവാവിന്റെ ദേഹത്ത് സോമേശ്വരത്തുകാരി സുമതിയുടെ പ്രേതം കേറുകയും മര്‍ലൂരുകാര്‍ക്കത് തലവേദനയായി മാറുകയും ചെയ്യുന്നു. സുമതിയില്‍ നിന്നും അശോകിനേയും അതിലൂടേയും ഗ്രാമത്തേയും രക്ഷിച്ചെടുക്കാന്‍ ആ ഗ്രാമത്തിലുള്ളവര്‍ തീരുമാനിക്കുന്നു. നാട്ടിലെ സകല പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുന്ന രവിയണ്ണന്‍ തന്നെ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു. പിന്നങ്ങോട്ട് നടക്കുന്ന കാര്യങ്ങളാണ് സിനിമയുടെ കഥ. ഹൊററും കോമഡിയുമൊക്കെ ചേര്‍ത്ത് കഥ പറയുന്ന ചിത്രമാണ് സു ഫ്രം സോ.

തുടക്കം മുതല്‍ അവസാനം വരെ ചിരിയുടെ രസച്ചരട് പൊട്ടാതെയാണ് തുമിനാദ് കഥ പറയുന്നത്. തുടക്കത്തിലെ അരമണിക്കൂര്‍ മര്‍ലൂര്‍ എന്ന ഗ്രാമത്തേയും അവിടുത്തെ അസാധാരണമാം വിധം സാധാരണക്കാരായ കഥാപാത്രങ്ങളേയും എസ്റ്റാബ്ലിഷ് ചെയ്യാനാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളില്‍ മാത്രം ചുറ്റിത്തിരിയാതെ സ്‌ക്രീനില്‍ വന്നു പോകുന്ന, വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമുള്ള കഥാപാത്രത്തിന് പോലും കൃത്യമായ ഡെഫനിഷനും ട്രാക്കും നല്‍കുന്ന കഥ പറച്ചിലാണ് ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. ഇത്ര സമ്പന്നമായൊരു സപ്പോര്‍ട്ടിങ് ക്യാരക്ടര്‍ ലോകം സമീപകാലത്തൊരു സിനിമയുടെ എഴുത്തിലും കണ്ടിട്ടില്ല.

സ്വന്തം ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ ജീവിതത്തിലെന്ത് സംഭവിക്കുന്നുവെന്നതില്‍ താല്‍പര്യമുള്ള ഗ്രാമീണരുടെ ലോകത്തേക്ക് കൊണ്ടു പോയാണ് തുമിനാദ് കഥ പറയുന്നത്. അവിടെ എത്തുന്നതോടെ നമ്മള്‍ പോലുമറിയാതെ നമ്മളും അവരിലൊരാളാകുന്നു. ചായക്കടയുടെ മുന്നിലെ ബെഞ്ചിലിരുന്ന് വരുന്നവരുടെ ശബ്ദവും നിഴലും മാത്രം വച്ച് ആളെ ഊഹിച്ച് നിര്‍ത്താതെ സംസാരിക്കുന്ന കണ്ണുകാണാത്ത കാരണവര്‍ മുതല്‍ തന്റെ രവിയണ്ണനെ ഇല്ലാത്ത ആത്മവിശ്വാസം കൊടുത്ത് കുഴിയില്‍ ചാടിക്കുന്ന കൂട്ടുക്കാരനുമൊക്കെ അതിവേഗമാണ് നമുക്ക് പ്രിയപ്പെട്ടവരും സുപരിചിതരുമായി മാറുന്നത്.

രവി അണ്ണനായുള്ള ശനീലിന്റെ പ്രകടനാണ് അഭിനയത്തില്‍ ഏറ്റവും ശ്രദ്ധേയം. എല്ലാവരുടേയും രക്ഷാകവചമായ അണ്ണനായിരിക്കുമ്പോള്‍ വേണ്ട ഓറയും, പ്രേതത്തെ പേടിച്ച് വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാതെ നില്‍ക്കുമ്പോഴുള്ള നിഷ്‌കളങ്കതയുമൊക്കെ അദ്ദേഹം ഗംഭീരമായാണ് അവതരിപ്പിക്കുന്നത്. രണ്ടിടത്തും അസാധ്യമാം വിധം ബിലീവബിള്‍. വൈകാരിക രംഗങ്ങളിലും നിയന്ത്രണത്തോടെയുള്ള അഭിനയം. അശോകയായി തുമിനാദും ഗുരുജിയായി രാജ് ബി ഷെട്ടിയും ഭാനുവായി സന്ധ്യയുമെല്ലാം മികച്ചു നില്‍ക്കുന്നു. പക്ഷെ സു ഫ്രം സോയുടെ ആത്മാവ് സപ്പോര്‍ട്ടിങ് കാസ്റ്റ് ആണ്. പുഷ്പരാജിന്റെ അളിയനും ദീപക് റായിയുടെ സതീഷും പ്രകാശ് തുമിനാദിന്റെ ചന്ദ്രയും മിമെ രാംദാസിന്റെ യധുവുമെല്ലാമാം തങ്ങളുടെ പ്രകടനങ്ങള്‍ കൊണ്ട് സിനിമയുടെ ഗ്രാഫ് ഉയര്‍ത്തുകയാണ്. ഓരോ കഥാപാത്രവും വീണ്ടുമെപ്പോഴാണ് വരുന്നതെന്ന് ആകാംഷയോടെ കാത്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് എഴുത്തും പ്രകടനവും.

പൊതുവെ കന്നഡ സിനിമകളില്‍ കാണാറുള്ള ഇമോഷണല്‍ ഡ്രാമയില്‍ നിയന്ത്രണം കൊണ്ടു വരുന്നുണ്ട് ജെപി തുമിനാദ്. കോമഡിയില്‍ നിന്നും വൈകാരിക രംഗങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും ആ വൈകാരികതയുടെ തീവ്രത നഷ്ടപ്പെടാതെ തന്നെ കോമഡിയിലേക്ക് തിരിച്ചു കൊണ്ടു വരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എടുത്തു പറയേണ്ട ഒന്ന് സിനിമയുടെ മലയാളം ഡബ്ബിങ് ആണ്. കാണുന്നതൊരു കന്നഡ ചിത്രമാണെന്ന ചിന്ത സിനിമ തുടങ്ങി അഞ്ചാം മിനുറ്റില്‍ തന്നെ എടുത്ത് കളയുന്നത് ഡബ്ബിംഗിന്റെ മികവാണ്. സിനിമ മലയാളത്തിലേക്ക് എത്തിച്ചത് ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസിനെ അഭിനന്ദിക്കണം.

തൊണ്ണൂറുകളിലൊക്കെ ഇറങ്ങിയിരുന്ന സത്യന്‍ അന്തിക്കാട്-പ്രിയദര്‍ശന്‍ സിനിമകളെ ഓര്‍മ്മപ്പെടുത്തുന്നത് പോലൊരു ചിത്രമാണ് സു ഫ്രം സോ. സമീപകാലത്തായി മലയാളമടക്കമുള്ള സിനിമാ ഇന്‍ഡസ്ട്രികള്‍ പറയാന്‍ മറന്ന, മന്‍ഡേന്‍ ജീവിതത്തിലെ രസങ്ങളിലേക്ക് തിരിച്ചു നടക്കുകയാണ് സു ഫ്രം സോ.

Su From So Movie Review: A light hearted entertainer that takes away all your stress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT