ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രത്തെയും അതിനു പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് രാജമൗലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ മുഴുവൻ അഭിനേതാക്കളുടെയും പ്രകടനങ്ങൾ മികച്ചതാണെന്നും 'ആകാശംലോ ഒക താര' ഒരു വലിയ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാജമൗലി സിനിമാനുഭവം പങ്കുവെച്ചത്.
"സ്വപ്നം കാണാൻ കഴിയുന്നത് ഒരു അനുഗ്രഹമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ ഉറച്ച മനസ്സും അചഞ്ചലമായ നിശ്ചയദാർഢ്യവും വേണം. ടീം AOTയ്ക്ക് ഇവ രണ്ടും ഉണ്ടായിരുന്നു. അഭിനേതാക്കളുടെയെല്ലാം മികച്ച പ്രകടനങ്ങൾക്കൊപ്പം 'ആകാശംലോ ഒക താര' ഒരു വലിയ വിജയമായി മാറുന്നു" എന്നായിരുന്നു രാജമൗലിയുടെ കുറിപ്പ്.
രാജമൗലിയുടെ അഭിനന്ദനത്തിന് ദുൽഖർ സൽമാൻ നന്ദി അറിയിച്ചു. ചിത്രത്തിന്റെ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാറും സംവിധായകന് നന്ദി പറഞ്ഞ് രംഗത്തെത്തി. രാജമൗലിയെപ്പോലൊരു സംവിധായകനിൽ നിന്ന് ലഭിക്കുന്ന അഭിനന്ദനം വലിയ അംഗീകാരമായാണ് സിനിമയുടെ അണിയറപ്രവർത്തകർ കാണുന്നത്.
അതേസമയം, ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണവും സിനിമാ മേഖലയിലെ പ്രമുഖരുടെ പ്രശംസയും 'ആകാശംലോ ഒക താര'യുടെ ശ്രദ്ധ വർധിപ്പിക്കുകയാണ്. ദുൽഖറിന്റെ തെലുങ്ക് സിനിമാ യാത്രയിലെ പുതിയൊരു നേട്ടമായും ചിത്രത്തെ ആരാധകർ വിലയിരുത്തുന്നു. ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ചിത്രമാണ് "ആകാശംലോ ഒക താര" (ആകാശത്തിൽ ഒരു താരകം). റിലീസിന് മുന്നോടിയായി ഇന്നലെ കേരളത്തിൽ നടന്ന മലയാളം പ്രീമിയർ ഷോകൾക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates