എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി സുരഭി ലക്ഷ്മി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്നാണ് സുരഭി പറയുന്നത്. ജീവിതത്തില്‍ വളരെ നേരത്തേ എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നുവെന്നും സുരഭി സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ച വിഡിയോയിലൂടെ പറയുന്നു.
''ശരിക്കും എന്റെ 20 കളുടെ അവസാനത്തിലും 30 കളുടെ തുടക്കത്തിലും ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ജീവിതത്തില്‍ ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് കരുതി നീണ്ടു നീണ്ടു പോയതാണ്. പറഞ്ഞു വന്നത് ഞാന്‍ എഗ്ഗ് ഫ്രീസിങ് ചെയ്തതിനെക്കുറിച്ചാണ്. ആര്‍ട്ടിസ്റ്റ് ആയതിനാല്‍ പലതരത്തിലുള്ള ബോധവത്കരണ വിഡിയോകള്‍ ചെയ്യാനായി നമ്മളെ സമീപിക്കും. അങ്ങനെ വന്നപ്പോഴാണ് എത്രയോ കാലമായി എഗ്ഗ് ഫ്രീസ് ചെയ്യാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ആളാണ് ഞാനെന്ന് പറയുന്നത്. പ്രൊസീജ്യര്‍ ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്ന് പറയാമെന്ന് പറഞ്ഞു'' എന്നാണ് സുരഭി പറയുന്നത്.
''ഇപ്പോള്‍ ആ പ്രൊസീജ്യര്‍ ചെയ്തു കഴിഞ്ഞു. സാധാരണ എഗ്ഗ് ഫ്രീസ് ചെയ്യുന്നത് കാന്‍സര്‍ പോലുള്ള മാരക അസുഖങ്ങള്‍ വരുമ്പോഴാണ്. ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പായി എഗ് ഫ്രീസ് ചെയ്ത ശേഷം, ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ വേണമെന്ന് തോന്നിയാല്‍ ഇത് വലിയ സാധ്യതയാണ്. 40 വയസിലാണ് പ്രസവിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ 28 ലോ 32 ലോ എഗ്ഗ് ഫ്രീസ് ചെയ്യാനാകും'' എന്നും സുരഭി പറയുന്നു.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍, ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണിതെന്നും താരം പറയുന്നു. തനിക്കൊപ്പം നിന്ന ഡോക്ടര്‍ക്കും ആശുപത്രിയ്ക്കും സുരഭി നന്ദി പറയുന്നുണ്ട്. തന്റെ ഈ അനുഭവം പങ്കുവെക്കുന്നത് മറ്റൊരാള്‍ക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണെന്നും താരം കൂടിച്ചേര്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates