മലയാളത്തിന് പുറമേ തമിഴിലും സജീവമാണിപ്പോൾ നടൻ സുരാജ് വെഞ്ഞാറമൂട്. കേരളത്തിലേതു പോലെ തന്നെ തമിഴിലും സുരാജിന് ഒട്ടേറെ ആരാധകരുണ്ട്. കെൻ കരുണാസ് സംവിധാനം ചെയ്യുന്ന യൂത്ത് ആണ് സുരാജിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ തമിഴ് ചിത്രം.
മാർച്ച് 19 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. യൂത്ത് പ്രീ റിലീസ് ഇവന്റിൽ സുരാജ് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. "എല്ലാവർക്കും നമസ്കാരം, ഇതെന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ്.
ഇങ്ങനെയൊരു വേഷം തന്നതിന് സംവിധായകൻ കെൻ, നിർമാതാവ് കറുപ്പയ്യ എന്നിവരോട് നന്ദി പറയുന്നു. ഈ സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ദേവദർശിനിയുടെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ അവരുടെ ഫാൻ ആണ്. പലതവണ ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ഒന്നിച്ച് വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. കേരളത്തിൽ വന്ന് കെൻ എന്നോട് കഥ പറയുമ്പോൾ ഓരോ കാരക്ടേഴ്സിന്റെയും ഇമോഷൻ വരെ എന്നെ പെർഫോം ചെയ്ത് കാണിക്കുമായിരുന്നു. അത് എന്റെ ആദ്യത്തെ അനുഭവമായിരുന്നു. കെനിന്റെ സ്ക്രീൻ പ്രെസൻസും ചിരിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്.
ഭാവിയിൽ അദ്ദേഹം ഒരു വലിയ സ്റ്റാർ ആയി മാറും. അതിലൊരു സംശയവും വേണ്ട, ആകണം കെൻ. ഈ ചടങ്ങിന് വന്നതിന് ധനുഷ് സാറിനോട് ഞാൻ വ്യക്തിപരമായി നന്ദി പറയുന്നു. അദ്ദേഹത്തിനൊപ്പം വിഘ്നേഷ് രാജ സംവിധാനം ചെയ്ത കര എന്ന സിനിമ ഞാൻ ചെയ്തു. അതൊരു വലിയ അനുഭവമായിരുന്നു. നന്ദി സാർ.
സിനിമയ്ക്കായി കാത്തിരിക്കുന്നു. വെട്രിമാരൻ സാറിനെ അടുത്ത് പരിചയപ്പെടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ സാറിന്റെ വലിയൊരു ആരാധകനാണ്. സാറിന്റെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അസുരനിൽ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എനിക്കൊരുപാട് ഇഷ്ടമായി.
സാറിന്റെ കൂടെ എനിക്ക് വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ചുമ്മാ, മനസിൽ വച്ചോ. നന്ദി സാർ". - സുരാജ് പറഞ്ഞു. ഇപ്പോഴും എങ്ങനെയാണ് ഇത്രയും ചെറുപ്പമായിരിക്കുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനും സുരാജ് മറുപടി പറഞ്ഞു. ഞാനെപ്പോഴും യൂത്ത് തന്നെയാണ് എന്നായിരുന്നു സുരാജിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates