ബോളിവുഡിലെ ഉറച്ച ശബ്ദമാണ് താപ്‌സി പന്നു. തന്റെ നിലപാടുകള്‍ മറയില്ലാതെ തുറന്ന് പറയാറുണ്ട് താപ്‌സി പന്നു. സമൂഹത്തിലേയും സിനിമാ മേഖലയിലേയും അസമത്വത്തിനെതിരെ താപ്‌സി പലപ്പോഴായി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. താരങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറുന്ന, വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും പലപ്പോഴായി താപ്‌സി രംഗത്തെത്തിയിട്ടുണ്ട്.
തന്നെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കിയ ദേശീയ മാധ്യമത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താപ്‌സി. 'നടി താപ്‌സി പന്നു ഇന്ത്യ വിട്ട് വിദേശത്ത് സ്ഥിരതാമസമാക്കി' എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താ റീലിനെതിരെയാണ് താപ്‌സി രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താപ്‌സിയുടെ പ്രതികരണം.
''ഇത്ര സെന്‍സേഷണല്‍ അല്ലാത്ത, വ്യാജമല്ലാത്ത തലക്കെട്ട് കിട്ടിയില്ലേ? തലക്കെട്ട് തെറ്റാണെങ്കിലും ശരിയാണെങ്കിലും നിങ്ങള്‍ പറയുക ഏറ്റവും വേഗതയേറിയ ഓണ്‍ലൈന്‍ മാധ്യമമെന്നാണല്ലോ. ഒരുപക്ഷെ വേഗതയൊന്ന് കുറച്ച് അല്‍പ്പം റിസര്‍ച്ച് നടത്തിയിരുന്നുവെങ്കില്‍ നന്നായേനെ'' എന്നാണ് താപ്‌സിയുടെ പ്രതികരണം. താന്‍ വിദേശത്തേക്ക് പോയെന്ന വാര്‍ത്ത വായിക്കുന്നത് മുംബൈയിലിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുമ്പോഴാണെന്നും താപ്‌സി പറയുന്നു.
2024 മാര്‍ച്ച് 23 നാണ് താപ്‌സി പന്നു ബാഡ്മിന്റണ്‍ താരം മത്തേയസ് ബോയെ വിവാഹം കഴിച്ചത്. ഡെന്‍മാര്‍ക്ക് പൗരനാണ് ബോ. വിവാഹശേഷം തങ്ങള്‍ ഇന്ത്യയിലും ഡെന്‍മാര്‍ക്കിലുമായിട്ടാണ് താമസിക്കുന്നതെന്ന് നേരത്തെ താപ്‌സി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ താപ്‌സിയ്ക്കും ഭര്‍ത്താവിനുമൊപ്പം മുംബൈയിലാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളും താമസിക്കുന്നത്. വീടിന്റെ താഴത്തെ നില അവര്‍ക്കായി ഒരുക്കിയെന്നും താപ്‌സി പറഞ്ഞിരുന്നു.
ബോയുടെ അച്ഛനേയും അമ്മയേയും തങ്ങള്‍ക്കൊപ്പം താമസിപ്പിക്കാന്‍ ഏറെ കഷ്ടപ്പെട്ടുവെന്നാണ് താരം പറയുന്നത്. മാതാപിതാക്കള്‍ വിവാഹിതരായ മക്കള്‍ക്കൊപ്പം താമസിക്കുന്ന ശീലം ഡെന്‍മാര്‍ക്കില്‍ ഇല്ല. അതിനാല്‍ അവരെ ഏറെ നിര്‍ബന്ധിച്ചാണ് തങ്ങളുടെ കൂടെ താമസിക്കാന്‍ സമ്മതിപ്പിച്ചതെന്നാണ് താപ്‌സി പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates