കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്യുമ്പോൾ അച്ഛൻമാരെ പലപ്പോഴും എല്ലാവരും അമിതമായി പ്രശംസിക്കാറുണ്ടെന്ന് നടൻ രാം ചരണിന്റെ ഭാര്യയും സംരംഭകയുമായ ഉപാസന കൊനിഡേല. താനും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് ഉപാസന തുറന്നുസമ്മതിച്ചു.
ലിംഗസമത്വം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസരീതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും, അതോടൊപ്പം വീടുകളിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അടുത്തിടെ വിശാഖപട്ടണത്ത് നടന്ന സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റ് 2026 ൽ മന്ത്രി നാരാ ലോകേഷുമായി സംസാരിക്കുകയായിരുന്നു ഉപാസന.
വീട്ടുജോലികൾ തുല്യമായി പങ്കിടേണ്ടത് ഒരു ഉത്തരവാദിത്വമാണെന്ന കാര്യം കുട്ടിക്കാലം മുതലേ പഠിപ്പിക്കണമെന്ന് ലോകേഷ് പറഞ്ഞപ്പോൾ അത് ശരിവച്ച് സംസാരിക്കുകയായിരുന്നു ഉപാസന. ഒരച്ഛൻ മക്കൾക്ക് ഭക്ഷണം കൊടുക്കുകയോ അല്ലെങ്കിൽ അവരുടെ ഡയപ്പർ മാറ്റുകയോ ചെയ്യുമ്പോൾ, അമ്മയുൾപ്പെടെ വീട്ടിലുള്ള എല്ലാവരും കയ്യടിക്കും.
'നീ ചെയ്തത് നല്ല കാര്യമാണ്'. 'നീ വളരെ നല്ലൊരു അച്ഛനാണ്' എന്നൊക്കെ പറയും. എന്നാൽ, ഇതേ കാര്യം ഒരമ്മ ചെയ്യുമ്പോൾ, എന്തുകൊണ്ടാണ് ആരും എനിക്ക് വേണ്ടി കയ്യടിക്കാത്തത് ?. കുറഞ്ഞപക്ഷം, വീടിനുള്ളിലെങ്കിലും ഇത്തരം മനോഭാവങ്ങൾ മാറാതെ ഔദ്യോഗിക തൊഴിലിടങ്ങളിൽ ഒരിക്കലും മാറ്റം വരികയില്ല. ഇക്കാര്യത്തിലാണ് നമ്മൾ യഥാർത്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ഇത് പാഠ്യപദ്ധതിയുടെയും, ജനങ്ങളുടെ ചിന്താഗതിയുടെയും, അവരുടെ ജീവിതരീതിയിൽ വരുന്ന മാറ്റങ്ങളുടെയും ഭാഗമാകേണ്ടതുണ്ട്. അച്ഛൻ ആർക്കെങ്കിലും ഒരു ഉപകാരം ചെയ്തു കൊടുക്കുന്നത് അല്ല ഇത്, മറിച്ച് അദ്ദേഹം, അദ്ദേഹത്തിന്റെ അച്ഛൻ എന്ന ഉത്തരവാദിത്വമാണ് അവിടെ നിർവഹിക്കുന്നത്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ മനോഭാവത്തിലും വിദ്യാഭ്യാസ രീതിയിലും ഈ കാഴ്ചപ്പാട് ഉണ്ടാവുകയും, കുട്ടികളെ അത്തരത്തിൽ വളർത്തുകയും ചെയ്യുകയാണെങ്കിൽ.
അതോടൊപ്പം ആൺമക്കൾ എന്തെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അമ്മമാർ അതിനെ വലിയ കാര്യമായി പെരുപ്പിച്ചു കാണിക്കാതിരിക്കുകയും ചെയ്താൽ, നമ്മുടെ ഈ വ്യവസ്ഥിതി തന്നെ മാറുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ഭാര്യ എന്ന നിലയിൽ, ചിലപ്പോഴൊക്കെ ഞാനും അങ്ങനെ ചെയ്യാറുണ്ട്.
അദ്ദേഹം മക്കൾക്ക് ഭക്ഷണം നൽകുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷവും കൗതുകവുമൊക്കെ തോന്നാറുണ്ട്. പക്ഷേ എനിക്കിപ്പോൾ അതൊരു സാധാരണ കാര്യമാണെന്ന് മനസിലായി. മാതാപിതാക്കൾ ചെയ്യുന്ന ഒരു നോർമൽ കാര്യമാണിത്". - ഉപാസന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates