നയൻതാര മൂക്കുത്തി അമ്മനായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. നവംബർ ആറിനാണ് 'മൂക്കുത്തി അമ്മൻ 2' റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ഖുശ്ബുവിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് നടി ഉർവശി. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഖുശ്ബുവിനെ താൻ കുബ്ബു സ്വാമിയെന്നാണ് വിളിക്കുന്നതെന്നും അവളെ കാണാൻ ദീപാവലിയും പൊങ്കലും വരണമെന്നാണ് ഉർവശി പറയുന്നത്. ഖുശ്ബുവിനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും എങ്ങനെയാണെന്നും താരം ഓർത്തെടുത്തു.
"ഇന്ന് ഞാൻ ഈ പരിപാടിക്ക് വന്നത് തന്നെ എന്റെ കുബ്ബു സ്വാമിയെ കാണാനാണ്. കാരണം, ദീപാവലി, പൊങ്കൽ ഒക്കെ വരണം അവളെ ഇപ്പോൾ കാണണമെങ്കിൽ. ഒരു സൈഡിൽ വനിതാ കമ്മീഷൻ, ഒരു സൈഡിൽ രാഷ്ട്രീയം, ഒരു സൈഡിൽ അഭിനയം, പിന്നെ നിർമാണം. അതുകൊണ്ട് അവൾക്ക് സമയമേയില്ല. ഞാൻ 13-ാം വയസിൽ അഭിനയിക്കാൻ വന്നയാളാണ്.
എന്റെ ചെറുപ്പത്തിൽ ത്യാഗരാജ സാറിന്റെ കൂടെ ഒരു പടത്തിൽ വർക്ക് ചെയ്യുകയായിരുന്നു. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ്. അപ്പോൾ വെളുത്തിട്ട് ഒരു തങ്കം പോലത്തെ ഒരു പെൺകുട്ടി വരുന്നത് കണ്ടു. എന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടി വരുന്നുണ്ടല്ലോ എന്ന് തോന്നി. അഭിനയിക്കാനാണോ മറ്റെന്തിനാണോ വന്നതെന്ന് എനിക്കറിയില്ലായിരുന്നു.
പിന്നീട് ത്യാഗരാജ് സാർ വന്ന് പറഞ്ഞു, ഇവർ ജൂനിയർ ആർട്ടിസ്റ്റായിട്ട് നിന്ന് എന്നെപ്പോലെ തെലുങ്കിലൊക്കെ അഭിനയിച്ചിട്ടുണ്ട്, പേര് ഖുശ്ബു എന്നാണ്. ഞങ്ങൾ സംസാരിച്ച് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഭയങ്കരമായി അടുത്തു. നല്ല ഫ്രണ്ട്‌ലിയായി. അപ്പോൾത്തന്നെ ഞാൻ തീരുമാനിച്ചു, അവളുടെ പേര് ‘കുബ്ബു സ്വാമി’ എന്നാക്കാമെന്ന്.
ഖുശ്ബു എന്ന് പേര് ഞാൻ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്. ആ പേരിന്റെ അർഥവും എനിക്കറിയില്ല. നറുമണം എന്നാണ് അതിന്റെ അർഥം".- ഉർവശി പറഞ്ഞു. ഖുശ്ബുവിന്റെ അമ്മയ്ക്ക് തന്നെ ഇഷ്ടമായിരുന്നെന്നും തന്റെ അമ്മയ്ക്ക് ഖുശ്ബുവിനെയായിരുന്നു കൂടുതൽ ഇഷ്ടമെന്നും താരം പറഞ്ഞു.
"ഖുശ്ബുവിന്റെ പടങ്ങളൊക്കെ വരുമ്പോൾ എന്റെ അമ്മ പറയും, ‘നോക്ക്, എത്ര സ്മാർട്ടായിട്ടാണ് അവൾ ഡാൻസ് കളിക്കുന്നത്. അവൾ അത് ചെയ്യുന്നത് നോക്ക്, ഇത് ചെയ്യുന്നത് നോക്ക്’ എന്നൊക്കെ. അമ്മ എപ്പോഴും ഖുശ്ബുവിനെക്കുറിച്ചാണ് പറയാറുള്ളത്. നേരെ മറിച്ച് ഖുശ്ബുവിന്റെ അമ്മയ്ക്ക് എന്നെ മാത്രമേ തിരിച്ചറിയാൻ അറിയൂ.
ഞാൻ തമിഴിൽ ഇങ്ങനെ നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കും. ഞാൻ പറയുന്നത് അവർക്ക് മനസിലായില്ലെങ്കിലും കേട്ടു കൊണ്ടിരുന്ന് ചിരിക്കും".- ഉർവശി വ്യക്തമാക്കി. "കുബ്ബു സ്വാമി എന്ന് വിളിക്കുന്നതിന് കാരണം വേറൊന്നുമല്ല, ഞാനെപ്പോഴും അവളോട് തമാശയൊക്കെ പറയും.
അവൾ തിരിച്ച് എന്നോടും. ജീവിതത്തിൽ ആത്മാർഥമായി, നമുക്ക് വേണ്ടി സംസാരിക്കുന്ന നമുക്കു വേണ്ടി വരുമെന്ന് തോന്നുന്ന ചില ആളുകളില്ലേ. അങ്ങനെയൊരാളാണ് എന്റെ കുബ്ബു". - ഉർവശി കൂട്ടിച്ചേർത്തു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates