1992 ൽ പുറത്തിറങ്ങിയ 'എന്റെ പൊന്നു തമ്പുരാൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് നടി ഉർവശി. അന്ന് നടൻ മാള അരവിന്ദന് നേരെ ഒരുപറ്റം ആളുകൾ ചെയ്ത ഒരു കാര്യവും അത് അദ്ദേഹം കൈകാര്യം ചെയ്ത രീതിയും ഉർവശി പങ്കുവച്ചു. "മഞ്ചേരിയിൽ 'എന്റെ പൊന്നു തമ്പുരാൻ' എന്നൊരു സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നു.
'ഭരതം', 'ഇൻസ്പെക്ടർ ബൽറാം' തുടങ്ങിയ സിനിമകളുമായി ഓടിക്കൊണ്ടിരിക്കുകയാണ് ഞാൻ. കണ്ണൂർ, കോഴിക്കോട് എന്നിവിടെയൊക്കെയായി ഓടികുയാണ്. അപ്പോൾ മാള ചേട്ടൻ വണ്ടിയുടെ മുൻപിലിരിക്കുന്നു. ഞാൻ പുറകിലിരിക്കുന്നു. എന്റെ കൂടെ ആയയും ഹെയർ സ്റ്റൈലിസ്റ്റുമൊക്കെയുണ്ട്. ഒരു ഗൾഫുകാരന്റെ വീട്ടിൽ ആണ് ചെന്നത്.
ഒരുപാട് ക്രൗഡ് ഉണ്ട്. ആ സ്ഥലത്ത് അധികം ഷൂട്ടിങ്ങുകൾ ഒന്നും നടന്നിട്ടില്ല. മാള ചേട്ടൻ നേരെ അങ്ങോട്ടിറങ്ങി. രാവിലെ നേരത്തെ ഇറങ്ങിയതാണ് ഞങ്ങൾ കോഴിക്കോട് നിന്ന്. മാള ചേട്ടൻ വണ്ടിയിൽ നിന്നിറങ്ങിയതും, കുറച്ചു പേർ പ്ലാൻ ചെയ്ത് വന്ന് അദ്ദേഹത്തിന്റെ മുണ്ട് പറിച്ചോണ്ട് അങ്ങ് പോയി.
'അയ്യോ..എന്തൊരു വൃത്തിക്കെട്ട ആൾക്കാരാ.. ഇങ്ങനെയൊക്കെയാണോ നിങ്ങൾ ചെയ്യുന്നത്' എന്ന് ഞാൻ ചോദിച്ചു. മാള ചേട്ടൻ അത് അറിഞ്ഞ ഭാവം പോലും കാണിച്ചില്ല. 'ആ എന്തുപറ്റി മോളേ... അവർ നല്ല ആൾക്കാർ അല്ലേ. ഇത്രയും നല്ല ആൾക്കാരെ കാണാൻ പറ്റുമോ ?. അവരുടെ നാട്ടിലെ സ്ത്രീകൾക്ക് ഇതാണ് ഇഷ്ടമെന്നുള്ളത്, അവർ അനുവാദം ചോദിക്കാതെ എന്ത് സ്വാതന്ത്ര്യമായിട്ട് എടുത്തു കൊണ്ട് പോകുന്നു.
വരൂ വരൂ എല്ലാവരും കടന്നു വരൂ'- എന്നൊക്കെ പറഞ്ഞ് മാള ചേട്ടൻ കൈ ഒക്കെ കുറച്ചുകൂടി അങ്ങ് പൊക്കി ഷർട്ട് വച്ച് കെട്ടി. എനിക്ക് മാനക്കേട് കാരണം, ഞാൻ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നോക്കുവാ. എനിക്ക് അന്ന് ഏതാണ്ട് 19 വയസേ ഉള്ളൂ. 'അയ്യേ, മോശം മാള അങ്കിളേ.. എന്തോന്നിത്' എന്ന് ഞാൻ ചോദിച്ചു.
അപ്പോൾ അദ്ദേഹം പറഞ്ഞു, 'മോശം അല്ല മക്കളേ, നീ നോക്കണ്ട. ഈ നാട്ടിലുള്ളവർക്ക് ഇത് ഇഷ്ടമാണെന്ന് ഇവിടുത്തെ ആൺപിള്ളേർക്ക് അല്ലേ അറിയത്തുള്ളൂ'- എന്ന് അദ്ദേഹം പറഞ്ഞു. ഒരു അമ്മാവൻ ഇങ്ങോട്ട് വന്നിട്ട് പട പടാന്ന് അവൻമാർക്കിട്ട് നാലെണ്ണം പൊട്ടിച്ചു.
അന്ന് സോറി എന്നൊരു വാക്ക് ഉപയോഗിക്കാനൊന്നും നമ്മുടെ പിള്ളേർക്ക് അറിയത്തില്ല. അവൻമാർ വന്ന് ആ മുണ്ട് എടുത്ത് അദ്ദേഹത്തെ ഉടുപ്പിച്ചു. 'ആ ഉടുപ്പിച്ചോ ഉടുപ്പിച്ചോ... നിങ്ങൾ കണ്ടു കഴിഞ്ഞെങ്കിൽ. ഇങ്ങനെ ആയിരുന്നെങ്കിൽ ഈ മുണ്ട് ഞാൻ വേസ്റ്റ് ആക്കത്തില്ലായിരുന്നു.. കെട്ടിക്കോട്ടെ' എന്ന് മാളച്ചേട്ടൻ അവരോട് പറഞ്ഞു.
സകല പെണ്ണുങ്ങളും ആ പ്രദേശത്ത് നിന്ന് പോയി. അങ്ങനെ റിയാക്ട് ചെയ്യാനൊന്നും എനിക്കറിയത്തില്ല. ഞാൻ അവിടെ നിന്ന് കരയും അന്നത്തെ എന്റെ രീതിക്ക്".- ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates