സ്‌ക്രീന്‍ ഭരിച്ച ദളപതിയില്‍ നിന്നും, നാട് ഭരിക്കുന്ന മുതല്‍വനിലേക്കുള്ള വിജയ്‌യുടെ ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ ജന്മദിനമാണ് കടന്നു പോകുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ ഉടച്ചുവാര്‍ക്കുന്നതായിരുന്നു വിജയ് നയിക്കുന്ന ടിവികെയുടെ വിജയം. സിനിമാ ജീവിതത്തോട് വിട പറഞ്ഞ്, തങ്ങളുടെ പ്രിയതാരം രാഷ്ട്രീയത്തിലേക്ക് കടന്നപ്പോള്‍ ആരാധകര്‍ ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ ആ വേദനയെല്ലാം സന്തോഷത്തിന് വഴി മാറിക്കൊടുക്കുകയായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തോടെ.
തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കൊണ്ട് വിജയ് സഫലീകരിച്ചത് രണ്ട് പതിറ്റാണ്ട് മുമ്പ് അദ്ദേഹത്തിന്റെ അച്ഛന്‍ കണ്ട സ്വപ്‌നമായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് അച്ഛനോട് ചോദിച്ചത്, ഞാന്‍ നിങ്ങളുടെ സ്വപ്‌നം സഫലമാക്കിയില്ലേ എന്നായിരുന്നുവെന്നാണ് അമ്മ ശോഭ പറയുന്നത്. അതെ എന്ന തല കുലുക്കി അച്ഛന്‍ സമ്മതിച്ചുവെന്നും അമ്മ പറയുന്നു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും വിജയത്തെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ അമ്മ സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ക്കറിയാം പലരും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടെന്ന്. മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചവര്‍ക്ക് അതിന് സാധിച്ചിരുന്നില്ല. പക്ഷെ വിജയ്ക്കുള്ള ആരാധക പിന്തുണ ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതായിരുന്നു'' എന്നാണ് അമ്മ ശോഭ പറയുന്നത്.
''അവന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ നേരിട്ട വിമര്‍ശനങ്ങള്‍ എന്റെ കുടുംബത്തെയാകെ വേദനിപ്പിച്ചു. പക്ഷെ, അവന്‍ സിനിമയിലേക്ക് ഇറങ്ങിയപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അവന്‍ നിശബ്ദമായി തന്റെ യാത്ര തുടര്‍ന്നു, എല്ലാം പോസിറ്റീവായിട്ട് എടുത്തു. അത് അവനെ വിജയത്തിലേക്ക് നയിച്ചു'' എന്നും അമ്മ പറയുന്നു. രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടു പോകില്ലെന്നും, രണ്ടില്‍ ഒന്നില്‍ മാത്രമായിരിക്കും ശ്രദ്ധയെന്ന കാര്യത്തില്‍ വിജയ്ക്ക് നേരത്തെ തന്നെ വ്യക്തയുണ്ടായിരുന്നുവെന്നും അമ്മ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates