വിജയ് ചിത്രം ജന നായകന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ജനുവരി 9 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡിന്റെ നൂലാമാലകളിൽ പെട്ട് കിടക്കുകയാണ്. വിജയ് ആരാധകരെയും ഇത് നിരാശയിലാഴ്ത്തി. പുതിയ റിലീസ് തീയതിക്കായി ആരാധകരും ഏറെ കാത്തിരിപ്പിലാണ്. എച്ച് വിനോദ് സംവിധാനം ചെയ്ത ജന നായകൻ തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആയിട്ടാണ് ഒരുങ്ങുന്നത്.
വിജയ്‌യെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഭഗവന്ത് കേസരിയിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ വരുത്തിയാണ് ജന നായകൻ റിലീസിനെത്തുന്നതെന്നാണ് വിവരം. ഭഗവന്ത് കേസരിയുടെ ഒറിജിനൽ മലയാളത്തിൽ നിന്നായിരുന്നുവെന്ന് പറയുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണിപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നത്.
1965 ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ക്ലാസിക് സിനിമയുടെയും ഭഗവന്ത് കേസരിയുടെയും മൂലകഥ ഒന്നാണെന്ന് പോസ്റ്റിൽ പറയുന്നു. സത്യനും പ്രേംനസീറും പ്രധാന വേഷത്തിലെത്തിയ ഓടയിൽ നിന്ന് അന്നത്തെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും തൊഴിലാളി പ്രസ്ഥാന പ്രവർത്തകനുമായിരുന്നു പി കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്.
കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും. ഓടയിൽ നിന്ന് റിലീസ് ചെയ്ത് ആറ് വർഷങ്ങൾക്ക് ശേഷം ശിവാജി ഗണേശൻ ബാബു എന്ന പേരിൽ ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തു. തമിഴിലും ചിത്രം ഹിറ്റായി. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷം ഇതേ പേരിൽ രാജേഷ് ഖന്നയെ നായകനാക്കി ഹിന്ദിയിലും സിനിമ റീമേക്ക് ചെയ്തു.
വർഷങ്ങൾക്ക് ശേഷം നന്ദമൂരി ബാലകൃഷ്ണ നായകനായി ഭഗവന്ത് കേസരി എന്ന പേരിൽ ചിത്രം തെലുങ്കിലേക്കുമെത്തി. വൺ ലാസ്റ്റ് ഡാൻസ് എന്ന ടാഗ് ലൈനോടെയാണ് ജന നായകൻ പ്രേക്ഷകരിലേക്കെത്തുന്നത്. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളായ ഗില്ലി, കാതലുക്ക് മര്യാദൈ, നൻപൻ, കാവലൻ, ബദ്രി എന്നീ സിനിമകളും റീമേക്ക് ആയിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും... വിജയ്‌യുടെ ജന നായകൻ എന്ന സിനിമയുടെ കഥ മലയാളത്തിൽ നസീർ സർ അഭിനയിച്ച 'ഓടയിൽ നിന്ന്' (1965) ഇൻസ്പൈർഡ് ആണ്. ഇത് കേൾക്കുമ്പോൾ ചിരി വരാം, പക്ഷേ അതാണ് സത്യം. 1965-ലെ 'ഓടയിൽ നിന്ന്' എന്ന മലയാള സിനിമ 1971-ൽ ശിവാജി സർ 'ബാബു' എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്യുകയും അത് ഹിറ്റാവുകയും ചെയ്തു.
ആ തമിഴ് റീമേക്ക് വേർഷൻ 1985-ൽ അതേ പേരിൽ തന്നെ രാജേഷ് ഖന്നയെ നായകനാക്കി ഹിന്ദിയിൽ റിലീസ് ചെയ്തു... അതും ഹിറ്റായി. 2023-ൽ ഇതേ കഥ 'ഭഗവന്ത് കേസരി' എന്ന പേരിൽ ബാലയ്യ തെലുങ്കിൽ ഇറക്കി. 2025-ൽ വിജയ് ഇത് വീണ്ടും റീമേക്ക് ചെയ്തിരിക്കുന്നു."
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates