സൂപ്പര്‍ ഹിറ്റ് ചിത്രമായ ആകാശഗംഗയുടെ ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ വിനയന്‍. ചിത്രത്തില്‍ അഭിനയിച്ച മയൂരിയ്ക്കും സുകുമാരിയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു വിനയന്റെ കുറിപ്പ്. ഇരുവരുടേയും മരണങ്ങളെക്കുറിച്ചാണ് കുറിപ്പില്‍ വിനയന്‍ സംസാരിക്കുന്നത്. സുകുമാരിയായിരുന്നു മയൂരിയെ ചിത്രത്തിലേക്ക് കൊണ്ടു വന്നതെന്നും വിനയന്‍ ഓര്‍ക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
ഒരു ഓര്‍മ്മച്ചിത്രം. 1998 ല്‍ ആകാശഗംഗയുടെ ഷൂട്ടിംഗ് തുടങ്ങി എട്ടാം ദിവസമാണ് ഗംഗ എന്ന കഥാപാത്രത്തിന് അനുയോജ്യയായ നടിയെ കണ്ടെത്തുന്നത്. അന്ന് മലയാള സിനിമയില്‍ ഉണ്ടായിരുന്നവരും പുതുമുഖങ്ങളുമായി വന്ന നാലോ അഞ്ചോ പേര്‍ക്കു ശേഷമാണ് മയൂരി എന്ന നടിയിലേക്കെത്തുന്നത്.
യക്ഷിയുടെ കണ്ണുകളും ചിരിയും ആ കഥാപാത്രത്തിന് ഒരു പ്രധാന ഘടകമായിരുന്നു. ആരും ശരിയാകാതെ വന്ന് ഷൂട്ടിംഗ് തന്നെ നിര്‍ത്തി വയ്കുമെന്ന ഘട്ടത്തില്‍ സുകുമാരിച്ചേച്ചിയാണ് ചെന്നെയില്‍ ഇങ്ങനൊരു കുട്ടിയുണ്ടന്നും അഭിനയിപ്പിച്ചു നോക്കാമെന്നും പറഞ്ഞ് മയൂരിയെ വിളിച്ചു വരുത്തുന്നത്.
എന്റെ ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന സിനിമയുടെ സമയത്തും രാക്ഷസ രാജാവിലുമൊക്കെ ചില നിര്‍ണ്ണായക സമയങ്ങളില്‍ സുകുമാരിച്ചേച്ചി ഇതുപോലെ സഹായിച്ചിട്ടുണ്ട്... ചേച്ചി സെറ്റിലുണ്ടങ്കില്‍ അതൊരു എനര്‍ജി ആണ്. ഗംഗയുടെ വേഷം മയൂരി അസ്സലായി അഭിനയിച്ചു. അതിനു ശേഷം കുറേ മലയാള ചിത്രങ്ങളില്‍ കന്നടക്കാരിയായ മയുരി അഭിനയിച്ചിരുന്നു പക്ഷേ 2005 ല്‍ 23-ാം വയസ്സില്‍ അവര്‍ സ്വയം ജീവനൊടുക്കി എന്നത് ഞെട്ടലോടെയാണ് കേട്ടത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല.
സുകുമാരിച്ചേച്ചിയുടെ അന്ത്യവും എനിക്കവിശ്വസനീയമായിരുന്നു. എല്ലാവരേയും സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ചേച്ചി ജീവിതാവസാന കാലത്ത് വളരെ ഏറെ ദുഖിതയായിരുന്നു. പൂജാമുറിയില്‍ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്ന വാര്‍ത്ത ശരിയാണോ? എനിക്കറിയില്ല.. അതോ ചേച്ചിയും എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ? പുതിതായി തുടങ്ങുന്ന ഫാന്റസി ചിത്രത്തില്‍ ആകാശഗംഗ വരുന്നുണ്ട് ആ കഥാപാത്രത്തിനായി തിരയുകയാണ്.. അവിടെയാണ് പഴയ ഗംഗയേയും അവരെ പരിചയപ്പെടുത്തിയ വ്യക്തിയേയും ഓര്‍ത്തു പോയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates