ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് കേരള സ്റ്റോറി 2 പ്രദർശനത്തിനെത്തിയത്. ആളില്ലാതായതോടെ കേരളത്തിലെ പല തിയറ്ററുകളിൽ നിന്നും ഷോകൾ റദ്ദാക്കുകയും ചെയ്തു. കേരള സ്റ്റോറി 2 വിനെ ചൊല്ലി നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷായും ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നും തമ്മിൽ തർക്കം ഉടലെടുത്തിരിക്കുകയാണിപ്പോൾ.
കേരള സ്റ്റോറി 2 നിർമിച്ചത് കൃത്യമായ ഗവേഷണമില്ലാതെയാണെന്ന് സുദീപ്തോ സെൻ പറഞ്ഞിരുന്നു. വാട്സാപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ ചെയ്യാൻ താല്പര്യമില്ലെന്നും സെൻ പറഞ്ഞു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമാതാവായ വിപുൽ ഷാ. സുദീപ്തോ സെന്നിന്റെ തിരക്കഥ മോശമായതിനാലാണ് അദ്ദേഹത്തെ രണ്ടാം ഭാഗത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് വിപുൽ ഷാ മറുപടിയായി പറഞ്ഞു.
സുദീപ്തോ സെന്നിന്റെ തിരക്കഥ അങ്ങേയറ്റം മോശമായിരുന്നു. തങ്ങൾ നടത്തിയ ഗവേഷണത്തെക്കുറിച്ച് സെന്നിന് അറിവില്ല. സിനിമയെ അനാവശ്യമായി ആക്രമിക്കുമ്പോൾ പ്രതികരിക്കാൻ താൻ നിർബന്ധിതനാകുകയാണെന്നും ഷാ വ്യക്തമാക്കി. "ഞാൻ പറയും മുന്തിരിക്ക് പുളിയുണ്ടെന്ന്. സത്യം പറഞ്ഞാൽ, ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, പക്ഷേ ഞാൻ ഇത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു.
അദ്ദേഹം 'ദ് കേരള സ്റ്റോറി 2'ന് വേണ്ടി ഒരു തിരക്കഥ എഴുതിയിരുന്നു, അത് വളരെ മോശമായിരുന്നു. ആ സിനിമ നിർമിക്കാൻ ഞാൻ ആഗ്രഹിച്ചില്ല, അതുകൊണ്ടാണ് ഞാൻ സംവിധായകനായി കാമഖ്യ നാരായൺ സിങ്ങിനെ തിരഞ്ഞെടുത്തത്. ഞങ്ങൾ എന്ത് ഗവേഷണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് (സുദീപ്തോ സെൻ) അറിയില്ല.
അദ്ദേഹം മുഴുവൻ ഗവേഷണ പ്രക്രിയയിലും ഉൾപ്പെട്ടിരുന്നില്ല, അതിനാൽ എങ്ങനെയാണ് അദ്ദേഹത്തിന് അത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്നത് ?. ഞാൻ സാധാരണയായി അങ്ങനെ അഭിപ്രായങ്ങളൊന്നും പറയാറില്ല, പക്ഷേ ആരെങ്കിലും എന്റെ സിനിമയെ ആക്രമിക്കുമ്പോൾ, അപ്പോഴാണ് ഞാൻ പ്രതികരിക്കാൻ നിർബന്ധിതനാകുന്നത്. അല്ലെങ്കിൽ, പ്രതികരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
സിനിമ പുറത്തിറങ്ങി, അദ്ദേഹം നടത്തിയ ഈ പ്രസ്താവനകളെക്കുറിച്ച് എനിക്കറിയാം, അവ അടിസ്ഥാനരഹിതമാണ്. എനിക്ക് പറയാൻ കഴിയുന്നത് അത്രയേയുള്ളൂ".- വിപുൽ ഷാ പറഞ്ഞു. "ആദ്യ സിനിമയ്ക്കായി (കേരള സ്റ്റോറി) ഞാൻ 10 വർഷത്തോളം ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തി. ആ സിനിമയിലെ ഓരോ വാക്കിലും ദൃശ്യത്തിലും എനിക്ക് ഉറച്ചു നിൽക്കാൻ കഴിയും.
തുടർഭാഗം കേരളത്തിന് പുറത്തേക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചാൽ, എനിക്ക് വാട്സാപ്പ് ഫോർവേഡുകളെയോ പത്ര റിപ്പോർട്ടുകളെയോ ആശ്രയിക്കാൻ കഴിയില്ല. സെൻസിറ്റീവ് വിഷയങ്ങൾക്ക് ആഴത്തിലുള്ള ഗവേഷണവും ദീർഘകാല പഠനവും ആവശ്യമാണ്.
ആ അടിത്തറയില്ലാതെ, അത് സംവിധാനം ചെയ്യാൻ എനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് തോന്നില്ല".- എന്നായിരുന്നു കേരളാ സ്റ്റോറി 2 നെക്കുറിച്ച് സുദീപ്തോ സെൻ പറഞ്ഞത്. കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത കേരളാ സ്റ്റോറി-2 ൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates