'രാക്ഷസൻ' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ നടനാണ് വിഷ്ണു വിശാൽ. 'ഗാട്ട ഗുസ്തി 2' ആണ് വിഷ്ണു വിശാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 'ഗാട്ട ഗുസ്തി 2' പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ നടൻ തന്റെ യഥാർഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
അതോടൊപ്പം സിനിമയിൽ വരുന്നതിന് മുൻപ് താൻ ക്രിക്കറ്റിൽ സജീവമായിരുന്നെന്നും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ (ടിഎൻസിഎ) ലീഗ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും വിഷ്ണു വിശാൽ പറയുന്നു. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് താൻ ക്രിക്കറ്റ് ഉപേക്ഷിച്ചതെന്നും വിഷ്ണു പറഞ്ഞിരുന്നു.
ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു വിശാൽ മനസ് തുറന്നത്. 'എന്താണ് വിഷ്ണു വിശാലിന്റെ ശരിക്കുള്ള പേര് ?'. എന്നായിരുന്നു അവതാരകന്റെ ചോദ്യം. വിശാൽ എന്നായിരുന്നു നടന്റെ മറുപടി. "വിശാൽ എന്നാണ് എന്റെ യഥാർഥ പേര്.
ഞാൻ വിഷ്ണു എന്നാക്കി മാറ്റിയതാണ്. കാരണം സിനിമയിൽ മുൻപേ തന്നെ നടൻ വിശാൽ ഉണ്ടല്ലോ. പിന്നെ ഞാൻ അദ്ദേഹവുമായി സൗഹൃദത്തിലായി. ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുള്ള പല സ്ഥലങ്ങളിലും വിശാൽ എന്നാണ് ഞാൻ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ എന്റെ പഴയ പേര്, എന്റെ ശരിക്കുള്ള പേര് എനിക്ക് മിസ് ചെയ്യാറുണ്ട്.
പിന്നെ വിശാൽ എന്റെ സുഹൃത്താണ്. അങ്ങനെ പിന്നെ ഞാൻ എന്റെ പേര് വിഷ്ണു വിശാൽ എന്നാക്കി. കൂൾ. ഇത് വളരെ സിംപിളാണ്. ക്രിക്കറ്റ് കാരണം എനിക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. ശ്രീശാന്തിനെ പോലെ. അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്താണ്.
ആന്ധ്രയിലും നോർത്ത് ഇന്ത്യയിലുമൊക്കെ എനിക്ക് ക്രിക്കറ്റ് സുഹൃത്തുക്കളുണ്ട്". - വിഷ്ണു വിശാൽ പറഞ്ഞു. ചെല്ല അയ്യാവു സംവിധാനം ചെയ്ത ഗാട്ട ഗുസ്തി 2 ജൂലൈ മൂന്നിനാണ് തിയറ്ററുകളിലെത്തുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates