നടന്‍ ബാബു ആന്റണിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് വൈശാലിയിലെ ലോമപാദ മഹാരാജാവ്. ചിത്രത്തിലെ രാജാവിന്റെ വേഷത്തിലേക്ക് തന്നെ തെരഞ്ഞെടുത്തപ്പോള്‍ പലരും സംവിധായകന്‍ ഭരതനെ കളിയാക്കിയിരുന്നതായി നടന്‍ ബാബു ആന്റണി പറഞ്ഞു. ഒരു രാജ്യത്തെ രാജാവ് എന്ന് പറയുന്നത് ആ രാജ്യത്തെ ഏറ്റവും നല്ല യോദ്ധാവാണ്. ആ യോദ്ധാവിനൊരു ശരീരഭാഷയും ആകാരഭംഗിയും ഉണ്ട്. അത് ഇവനുണ്ട്, ബാക്കി ഞാന്‍ ചെയ്യിച്ചോളാം എന്നായിരുന്നു പരിഹസിച്ചവരോട് ഭരതന്റെ മറുപടി.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഭരതേട്ടന്‍ വൈശാലിയിലേക്ക് എന്നെ വിളിക്കുന്നത്. ഹത്യ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ഭരതേട്ടന്‍ അവിടെ വന്നു. വൈശാലിയുടെയും ഋഷ്യശൃംഗന്റെയും കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആളെ നോക്കുകയാണ് ഞാന്‍, നിനക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. എനിക്ക് അറിയാവുന്ന കുറച്ചു പേരെ കണക്ട് ചെയ്തു കൊടുത്തു. മടങ്ങാന്‍ നേരത്ത് ചിലപ്പോള്‍ നീ അഭിനയിക്കേണ്ടി വരും എന്ന് മാത്രമേ പറഞ്ഞുള്ളൂ.
ഷൂട്ടിങ്ങ് ആരംഭിച്ചപ്പോഴാണ് ഭരതേട്ടന്‍ എന്നോട് മൈസൂരിലേക്ക് ചെല്ലാന്‍ പറയുന്നത്. അങ്ങനെ മൈസൂരില്‍ ചെന്നു. രാജാവിന്റെ വേഷം എടുത്ത് ഇടാന്‍ പറഞ്ഞു. അങ്ങനെയാണ് വൈശാലിയിലെ വേഷം ലഭിക്കുന്നത്. സെറ്റില്‍ സുപര്‍ണ, സഞ്ജയ്, വേണുചേട്ടന്‍, അശോകന്‍, വാസുവേട്ടന്‍ (എം ടി വാസുദേവന്‍ നായര്‍) എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു.
വാസുവേട്ടന്‍ എല്ലാ ദിവസവും ഷൂട്ടിങ്ങ് സ്ഥലത്ത് വന്ന് നില്‍ക്കും. ഒന്നും മിണ്ടില്ല. സിനിമയുടെ ക്ലൈമാക്‌സില്‍ മഴ പെയ്യുന്ന രംഗമുണ്ട്. എന്റെ ശരീരം വല്ലാതെ തണുത്തു. മഴയും കാറ്റും എല്ലാം കൂടെ ആയപ്പോള്‍ വിറയ്ക്കാന്‍ തുടങ്ങി അവസാനത്തെ ഡയലോഗ് പറയുമ്പോള്‍ ചുണ്ടുകള്‍ തണുപ്പുകൊണ്ട് വിറച്ചു. രണ്ട് മൂന്ന് പ്രാവശ്യം ആക്ഷന്‍ പറഞ്ഞിട്ടും വിറയല്‍ മാറിയില്ല. അപ്പോള്‍ പുറകില്‍ നിന്നും തട്ടി വിളിച്ച് വാസുവേട്ടന്‍ ഒരു ഗ്ലാസില്‍ പകുതി റം തന്നു. അത് വാങ്ങി കുടിച്ച താന്‍ ഡയലോഗ് പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാബു ആന്റണി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates