Entertainment

'മഹാനടി'യിലെ സംഘര്‍ഷങ്ങള്‍; രഘുനാഥന്‍ പറളി എഴുതുന്നു 

ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായി ജീവിക്കുന്ന സാവിത്രിയുടെ എല്ലാ വ്യക്തി സംഘര്‍ഷങ്ങളെയും ഏറ്റവും തീക്ഷ്ണമായും സൂക്ഷ്മമായും ആവിഷ്‌കരിക്കുന്ന ഒരു മികച്ച ബയോപിക് ചിത്രമാണ് 'മഹാനടി'

രഘുനാഥന്‍ പറളി

മിഴ് തെലുങ്ക് സിനിമാ ലോകത്ത് വലിയ നടിയായിത്തീരുകയും, തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ത്രിമൂര്‍ത്തികളായ ശിവാജി ഗണേശന്‍ എംജിആര്‍ ജെമിനി ഗണേശന്‍ എന്നിവര്‍ പോലും സ്വന്തം തീയതിക്കായി കാത്തുനില്‍ക്കുകയും ചെയ്ത അത്യുന്നത പദവിയായിരുന്നു, മഹാനടി എന്നും നടിഗൈയര്‍ തിലകം എന്നും അര്‍ത്ഥവത്തായി അറിയപ്പെട്ട സാവിത്രിയ്ക്ക് തെന്നിന്ത്യന്‍ സിനിമയില്‍ ഉണ്ടായിരുന്നത്. ഒരു പക്ഷേ ഇന്ത്യന്‍ സിനിമയിലെ ഏക വനിതാ സൂപ്പര്‍സ്റ്റാര്‍..! എന്നിട്ടും നാല്‍പ്പത്തിയഞ്ചു വയസ്സിനുളളില്‍ മദ്യത്തിന് വലിയതോതില്‍ അടിമയാകുകയും ഒന്നര വര്‍ഷത്തിലധികം കോമയില്‍ കിടന്നു മരിക്കുകയും ചെയ്യുന്ന ഒരു ദൈന്യാവസ്ഥ ആ വലിയ കലാകാരിക്ക് ഉണ്ടാകുന്നു. ജെമിനി ഗണേശന്റെ രണ്ടാം ഭാര്യയായി ജീവിക്കുന്ന സാവിത്രിയുടെ എല്ലാ വ്യക്തി സംഘര്‍ഷങ്ങളെയും ഏറ്റവും തീക്ഷ്ണമായും സൂക്ഷ്മമായും ആവിഷ്‌കരിക്കുന്ന ഒരു മികച്ച ബയോപിക് ചിത്രമാണ് തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിന്‍ സംവിധാനം ചെയ്തിട്ടുളള, തെലുങ്ക് തമിഴ് ഭാഷകളില്‍ റിലീസ് ചെയ്തിട്ടുളള 'മഹാനടി' (നടിഗൈയര്‍ തിലകം) എന്ന ചിത്രം. 

സാവിത്രിയുടെ ജീവിതത്തിനു മറുപുറമായി ജെമിനി ഗണേശന്റെ പ്രമുഖ ജീവിതഘട്ടം കൂടി സ്വാഭാവികമായി സിനിമയുടെ വിഷയമായിത്തീരുന്നു. സാവിത്രിയുടെ ജീവിതം അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷ്‌കുമാര്‍, ഇന്ത്യയിലെ തന്നെ മറ്റൊരു വലിയ നടിയാണ് താന്‍ എന്ന് സ്വയം തെളിയിക്കുക കൂടിയാണ് ഈ ചിത്രത്തില്‍ എന്നു പറയാം.

'കാതല്‍ മന്നന്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ട, ഒന്നിലധികം വിവാഹങ്ങളും അതുപോലെത്തന്നെ പ്രണയങ്ങളുമായി, സാമൂഹത്തിന്റെ പൊതുവ്യവസ്ഥയേയും വ്യവവസ്ഥിതിയേയും ഉല്ലംഖിച്ചു നീങ്ങിയ ജെമിനി ഗണേശന്‍, ഒരര്‍ത്ഥത്തില്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും 'കാതല്‍ മന്നന്‍' തന്നെയായിരുന്നു എന്നു അദ്ദേഹത്തിന്റെ ജീവചരിത്രം തന്നെ പകല്‍പോലെ വെളിപ്പെടുത്തുന്നുണ്ടല്ലോ. (ആദ്യ ഘട്ടത്തില്‍, മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ കെമിസ്ട്രി അധ്യാപകനായിരുന്നു ജെമിനി) ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ആദ്യ തെലുങ്ക് ചിത്രത്തില്‍ (തമിഴിലും) ജെമിനി ഗണേശനായി നടത്തുന്ന പരകായപ്രവേശം അതിമനോഹരമാണ്. 

രൂപസാദൃശ്യത്തിനപ്പുറം സ്വഭാവ സവിശേഷതകളിലാണ് സിനിമ ഊന്നുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇരുവരുടെയും (സാവിത്രി, ജെമിനി ഗണേശന്‍) വ്യക്തി ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍, പ്രണയസംഘര്‍ഷങ്ങള്‍ എല്ലാം ഈ പിരിയഡ് സിനിമ ഒട്ടും കലര്‍പ്പില്ലാതെ അവതരിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രകാശ് രാജ്, സാമന്ത, രാജേന്ദ്രപ്രസാദ്, വിജയ് ദേവരക്കൊണ്ട തുടങ്ങിയവരും മികച്ച സാന്നിധ്യമാണ് ചിത്രത്തില്‍. ധീരതയുടെയും സാഹസികതയുടേയും സഹജീവി സ്‌നേഹത്തിന്റെയും പര്യായമായിരുന്ന സാവിത്രിയുടെ ക്രമാനുഗതമായ പതനം നമ്മുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോള്‍ തന്നെ, എണ്‍പത്തിനാലു വയസ്സുവരെ പ്രതാപിയായി ജീവിച്ച ജെമിനി ഗണേശനില്‍ തടഞ്ഞു വിഴുകയായിരുന്നോ സാവിത്രി എന്ന ദു:ഖപൂര്‍ണ്ണമായ ചോദ്യം, തീക്ഷ്ണപ്രണയത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ഉടമസ്ഥതാബോധത്തിന്റെയും സ്വയം പ്രഖ്യാപിത തടവിലായിരുന്നുവോ ഈ മഹതിയായ കലാകാരി എന്ന വേദനിപ്പിക്കുന്ന ചോദ്യം (അന്നു ഞാന്‍ സാവിത്രി മാത്രമായിരുന്നു, ഇന്ന് ഞാന്‍ സാവിത്രിഗണേശനാണ് എന്ന ഉറച്ച പ്രഖ്യാപനം ചിത്രത്തിന്റെ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഉണ്ടെന്നതും ഓര്‍ക്കാം) ഈ ചിത്രം അവശേഷിപ്പിക്കുന്നുവെന്ന കാര്യം നിസ്തര്‍ക്കമാണ്. ഒരു പീരീഡ് ബയോപിക് ചിത്രത്തിന്റെ ഉജ്ജ്വല മാതൃകയായി 'മഹാനടി' ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്ഥാനം നേടുക തന്നെ ചെയ്യും എന്നാണ് തമിഴ് ചിത്രം കണ്ട എനിക്കു തോന്നിയത് എന്നുകൂടി ചേര്‍ത്തു പറയട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT