വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്ന നടിയാണ് മീര മിഥുൻ. തമിഴിലെ സൂപ്പർതാരങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ ഇപ്പോൾ തന്റെ സ്വന്തം മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. മീര മിഥുന് അന്തരിച്ചെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
"മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികൾ" താരം കുറിച്ചു. ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവാണ് ഇതെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകൾ.
നടിയും മോഡലും അവതാരകയുമായ തമിഴ് ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് വിവാദ താരമാകുന്നത്.. ഷോയിലെ അവതാരകനായ കമൽ ഹാസനും മത്സരാർത്ഥികൾക്കും എതിരെ നിരവധി ആരോപണങ്ങളാണ് മീര ഉന്നയിച്ചത്. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു. നടൻ സൂര്യയ്ക്കെതിരേയും മീര രംഗത്ത് വന്നിരുന്നു. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര പറയുന്നു. ഇതിനെ തുടർന്ന് രൂക്ഷമായ സൈബർ ആക്രമണവും താരത്തിന് നേരെയുണ്ടായി. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates