അബുദാബി: മദ്യപിച്ച ഡ്രൈവർ വരുത്തിവച്ച അപകടത്തിൽ 2,93,099 ദിർഹം വിലമതിക്കുന്ന (70 ലക്ഷം ഇന്ത്യൻ രൂപ) ആഡംബര കാർ അപകടത്തിൽപ്പെട്ട് തകർന്നു. അപകടത്തിൽപ്പെട്ട കാർ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകില്ലെന്ന് കണ്ടെത്തിയതിനനെ തുടർന്ന് ഡ്രൈവർ ഇൻഷുറൻസ് കമ്പനിക്ക് പണം നൽകാൻ അബുദാബി കൊമേഴ്‌സ്യൽ കോടതി ഉത്തരവിട്ടു.
ഡ്രൈവർ മദ്യപിച്ചിരിക്കെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം കാർ ഉടമയ്ക്ക് 293,099 ദിർഹം നൽകിയതായി ഇൻഷുറൻസ് സ്ഥാപനം കോടതിയിൽ വ്യക്തമാക്കി. വാഹനത്തിന് സംഭവിച്ച നാശനഷ്ടം ഉപയോഗിച്ചിരുന്ന വാഹനത്തിന് ലഭിക്കുന്ന മാർക്കറ്റ് മൂല്യത്തേക്കാൾ കൂടുതലായതിനാൽ കാറിന് മൊത്തം നഷ്ടം സംഭവിച്ചതായി കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകിയത്.
അതിന് ശേഷം ഇൻഷുറൻസ് കമ്പനി വാഹനം വിറ്റ് 207,000 ദിർഹം നേടി. വാഹന വിൽപ്പനയിലൂടെ കിട്ടിയ തുകയേക്കാൾ കൂടുതൽ തുക കമ്പിനി നഷ്ടപരിഹാരമായി കാർ ഉടമസ്ഥന് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാക്കി തുകയായ 86,099 ദിർഹം ലഭിക്കുന്നതിനായാണ് ഡ്രൈവർക്കെതിരെ കേസ് നൽകിയത്.
കോടതി രേഖകൾ പ്രകാരം ഇൻഷുറൻസ് കമ്പനി 86,099 ദിർഹവും പലിശയും കോടതിച്ചെലവും ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, പ്രതി ഹാജരായില്ല.
ട്രാഫിക് അപകട റിപ്പോർട്ട്, ഇൻഷുറൻസ് പോളിസി, മൊത്തം നഷ്ടം, ഡ്രൈവറുടെ ശിക്ഷ സ്ഥിരീകരിക്കുന്ന ക്രിമിനൽ വിധി എന്നിവയും കമ്പനി കോടതിയിൽ സമർപ്പിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതിന് ഡ്രൈവർ ഇതിന് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ഏകീകൃത ഇൻഷുറൻസ് പോളിസിയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡ്രൈവർക്ക് വാഹനം ഓടിക്കാൻ കഴിയാത്ത അവസ്ഥയിൽ ഡ്രൈവ് ചെയ്ത് അപകടം സംഭവിച്ചാൽ നഷ്ടപരിഹാര തുക തിരിച്ചുപിടിക്കാൻ ഇൻഷുറൻസ് കമ്പനികൾക്ക് ഏകീകൃത ഇൻഷുറൻസ് പോളിസി നിയമപ്രകാരം സാധ്യമാണ്.
അപകട റിപ്പോർട്ടിനെയോ മദ്യപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെയോ പ്രതി നിഷേധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇൻഷുറർ മുഴുവൻ നഷ്ടപരിഹാരവും നൽകിയതായും നാശം സംഭവിച്ച വാഹനം വിറ്റ് തുക ഈടാക്കിയതായും (സാൽവേജ് എമൗണ്ട്) കോടതി സ്ഥിരീകരിച്ചു, സാൽവേജ് തുക നേടിയശേഷവുമുള്ള ബാക്കി തുക ഡ്രൈവറിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവിട്ടതായി എമറാത്ത് അൽ യൂമിനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇത് പ്രകാരം പ്രതി, ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹം നൽകാനും, പ്രിൻസിപ്പൽ തുകയിൽ പരമാവധി അഞ്ച് ശതമാനം വാർഷിക കാലതാമസ പലിശയും കോടതി ചെലവുകളും നൽകാനും കോടതി ഉത്തരവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates