അബുദാബി: നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശിന്റെ രൂപം കണ്ടെത്തിയതായി അബുദാബിയുടെ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. അൽ ദഫ്‌റ പ്രദേശത്തുള്ള സർ ബാനി യാസ് ഐലൻഡിൽ നിന്നാണ് കുരിശിന്റെ രൂപം കണ്ടെത്തിയത്. അബുദാബിയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ 30 വർഷമായി പുരാവസ്തു ഗവേഷകർ പരിശോധനകൾ നടത്തി വരുന്നുണ്ട്.
ഇറാഖിലും കുവൈത്തിലും ഇതിനു മുൻപ് കണ്ടെടുത്ത കുരിശിന്റെ രൂപവുമായി ഇതിന് സാമ്യമുണ്ട്. ഈ കുരിശ് ആരാധനയ്ക്കായി വൈദീകർ ഉപയോഗിച്ചിരുന്നു എന്നും യു എ ഇയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ വിവിധ മതങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. അബുദാബി സർക്കാർ 2025 ജനുവരിയിലാണ് സർ ബാനി യാസ് ഐലൻഡിൽ പ്രത്യേക പരിശാധന നടത്താനായി സംഘത്തെ നിയോഗിച്ചത്.
അതി പുരാതനമായ ഈ കുരിശിന്റെ കണ്ടെത്തൽ യു എ ഇയുടെ വൈവിധ്യമാർന്ന പൈതൃകത്തിന്റെ അടയാളമാണ്. ഭാവി തലമുറക്കു വേണ്ടി ഇത് ഞങ്ങൾ സംരക്ഷിക്കും. ഈ പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുമെന്നും സാംസ്‌കാരിക മന്ത്രാലയം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
ക്രിസ്തുവർഷം ഏഴിലോ,എട്ടിലോ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഒരു പള്ളി 1992-ൽ സർ ബാനി യാസ് ഐലൻഡിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ ഒരു ആശ്രമത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ ആശ്രമവുമായി ചുറ്റപ്പെട്ട സ്ഥലങ്ങളിൽ വീടുകളോ മറ്റോ ഉണ്ടോയെന്ന പരിശോധനയാണ് ഇപ്പോൾ നടന്നു വരുന്നത്.
നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ അറേബ്യൻ രാജ്യങ്ങളിൽ ക്രിസ്തുമതം വ്യാപിക്കുകയും കാലക്രമേണ ക്ഷയിക്കുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ സർ ബാനി യാസ് എന്ന പ്രദേശത്ത് ആശ്രമം ഉണ്ടായിരുന്നതായും അവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ച് ജീവിച്ചിരുന്നതായി കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.
2019-ൽ അബുദാബിയുടെ സാംസ്‌കാരിക മന്ത്രാലയം പള്ളിയും ആശ്രമവും സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഇവിടെ നിന്ന് കണ്ടെത്തിയ ഗ്ലാസ് പാത്രങ്ങൾ, കുരിശിന്റെ ആകൃതിയിലുള്ള രൂപങ്ങൾ, തേളിന്റെ രൂപമുള്ള ഒരു സ്റ്റാമ്പ് സീൽ തുടങ്ങിയ രൂപങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക മ്യുസിയം അധികൃതർ ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങൾക്ക് ഇവിടെ സന്ദർശിക്കാൻ അനുമതിയുണ്ടെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates