ന്യൂഡല്‍ഹി: വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വിമാനമാര്‍ഗം യാത്ര ചെയ്യുന്നവര്‍ പാസ്പോര്‍ട്ട്, വിസ, ഒസിഐ കാര്‍ഡ് തുടങ്ങിയ രേഖകള്‍ക്കൊപ്പം ആരോഗ്യ സ്വയംപ്രഖ്യാപന ഫോമും ഇ-അറൈവല്‍ കാര്‍ഡും സംബന്ധിച്ച നിര്‍ദേശങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്ര നിര്‍ദേശം. എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുന്‍കരുതലുകളുടെ ഭാഗമയാണ് എയര്‍ സുവിധ സംവിധാനം വീണ്ടും നടപ്പിലാക്കിയത്.
ഇന്ത്യയിലെത്തുന്ന എല്ലാ രാജ്യാന്തര യാത്രക്കാരും ഇമിഗ്രേഷന്‍ പരിശോധനയ്ക്കു മുന്‍പ് ആരോഗ്യ സ്വയംപ്രഖ്യാപന ഫോം പൂരിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും വിദേശ പൗരന്മാര്‍ക്കും ഇത് ബാധകമാണ്. എബോള ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്തവരും ഫോം പൂരിപ്പിക്കണം.
ഇന്ത്യയില്‍ എത്തുന്നതിന് മുന്‍പുള്ള 24 മണിക്കൂറിനുള്ളില്‍ ഫോം പൂരിപ്പിക്കാമെന്നാണ് നിലവിലെ നിര്‍ദേശം. കഴിഞ്ഞ 21 ദിവസത്തെ യാത്രാവിവരങ്ങള്‍, രോഗസമ്പര്‍ക്ക ചരിത്രം, രോഗലക്ഷണങ്ങള്‍ തുടങ്ങിയവ ഫോമില്‍ രേഖപ്പെടുത്തണം. പൂരിപ്പിച്ച ഫോം ഡൗണ്‍ലോഡ് ചെയ്ത് ആരോഗ്യ പരിശോധനാ കേന്ദ്രത്തിലോ ഇമിഗ്രേഷന്‍ കൗണ്ടറിലോ കാണിക്കണം.
വിദേശ പൗരന്മാരും ഒസിഐ കാര്‍ഡ് ഉടമകളും ആരോഗ്യ പ്രഖ്യാപനത്തിനു പുറമേ ഇ-അറൈവല്‍ കാര്‍ഡും പൂരിപ്പിക്കണം. ഇന്ത്യയിലെത്തുന്നതിന് മുമ്പുള്ള 72 മണിക്കൂറിനുള്ളില്‍ ഇത് ഓണ്‍ലൈനായി സമര്‍പ്പിക്കാം. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ പാസ്പോര്‍ട്ടുകളുമായി യാത്ര ചെയ്യുന്ന ഇന്ത്യന്‍ വംശജര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates