ഷാര്‍ജ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഫോട്ടോ എഡിറ്റിങ്, ഷെയറിങ് ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന 'ബ്യൂട്ടി ഫില്‍ട്ടറുകള്‍' വഴിയുള്ള തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. ഫോട്ടോകള്‍ കൂടുതല്‍ മനോഹരമാക്കുന്ന ഫില്‍ട്ടറുകള്‍ വഴിയോ, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്തു നല്‍കാം അല്ലെങ്കില്‍ ഫോളോവേഴ്സിനെ കൂട്ടാം എന്ന വാഗ്ദാനം നല്‍കിയുമാണ് തട്ടിപ്പ്.
ഇത്തരത്തില്‍ ഇരകളുടെ ഫോട്ടോകളും വ്യക്തി വിവരങ്ങളും മോഷ്ടിച്ച ശേഷം അവ ഉപയോഗിച്ച് അവരെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണ് തട്ടിപ്പുകാരുടെ രിതി. തങ്ങള്‍ തന്നെ സൃഷ്ടിച്ച ഈ പ്രശ്നം പരിഹരിച്ചു നല്‍കാമെന്ന് പറഞ്ഞ്, അക്കൗണ്ടുകള്‍ സംരക്ഷിക്കുന്നതിലും മോഷ്ടിക്കപ്പെട്ട ഫോട്ടോകള്‍ വീണ്ടെടുക്കുന്നതിലും വിദഗ്ധരായ ഏജന്‍സികളെന്ന വ്യാജേന ഇവര്‍ വീണ്ടും ഇരകളെ സമീപിക്കുന്നു. ഇലക്ട്രോണിക് സേവനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ മുതലെടുക്കുന്ന ഈ തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ ആവശ്യം മുതലെടുത്ത് അവരില്‍ നിന്ന് പണം തട്ടും.
ഡിജിറ്റല്‍ കമ്പനികളുടെയും സേവനങ്ങളുടെയും മറവിലാണ് തട്ടിപ്പ്. ഫോട്ടോകള്‍ എഡിറ്റ് ചെയ്യുക, അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യുക, ഹാക്കിങ്ങില്‍ നിന്ന് സംരക്ഷണം നല്‍കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോക്താക്കളെ ഇവര്‍ ആകര്‍ഷിക്കുന്നു. തുടര്‍ന്ന്, തങ്ങള്‍ക്ക് ലഭിച്ച ആക്സസ് ഉപയോഗിച്ച് ഉടമസ്ഥരുടെ അറിവില്ലാതെ അവരുടെ സ്വകാര്യ ഫോട്ടോകളും വിവരങ്ങളും കൈക്കലാക്കുന്നു. പിന്നീട്, ഈ വിവരങ്ങള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക്മെയില്‍ ചെയ്യുകയും, അപകീര്‍ത്തിപ്പെടുത്തുമെന്നും സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 14 രാജ്യങ്ങളിലെ സെലിബ്രിറ്റികളെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുകളെയും ലക്ഷ്യമിട്ട ഒരതട്ടിപ്പ് സംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates