ദുബൈ: പൊതു ശുചിത്വ ലംഘനങ്ങൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാനായി പുതിയ ആപ്പ് പുറത്തിറക്കി ദുബൈ മുനിസിപ്പാലിറ്റി. ‘ഇൽത്തിസാം’ എന്ന പേരിലാണ് പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ പകർത്താനും തുടർ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് സാധിക്കും. ദുബൈയിലെ പൊതു ശുചിത്വ നിയമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആണ് നടപടി.
എട്ട് തരം നിയമ ലംഘനങ്ങളാണ് അധികൃതർ പ്രധാനമായും നിരീക്ഷിക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പുക, ഉചിതമല്ലാത്ത രീതിയിൽ ച്യൂയിംഗം ഉപേക്ഷിക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുക, ജലാശയങ്ങളിലും പരിസരത്തും മാലിന്യങ്ങൾ തള്ളുക, വാഹനങ്ങൾ കഴുകിയ ജലം റോഡിലൂടെ ഒഴുക്കുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ബാർബിക്യൂ ഒരുക്കുക, പൊതുസ്ഥലങ്ങൾ മറയ്ക്കും വിധം ലഘുലേഖകൾ, പരസ്യങ്ങൾ, പ്രിന്റ് ചെയ്ത പോസ്റ്ററുകൾ എന്നിവ പതിക്കുക, പൊതുസ്ഥലങ്ങളിൽനിന്ന് വളർത്തുമൃഗങ്ങളുടെ വിസർജ്ജ്യങ്ങൾ നീക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ ആകും പ്രധാനമായും നിരീക്ഷിക്കുക.
‘ഇൽത്തിസാം’ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർ നിയമ ലംഘനങ്ങളുടെ ചിത്രം പകർത്തിയ ശേഷം ബന്ധപെട്ടവർക്കെതിരെ തുടർ നടപടികളും സ്വീകരിക്കും. പുതിയ സംവിധാനത്തിലൂടെ നഗരത്തിന്റെ ഭംഗിയും പരിസ്ഥിതി നിലവാരവും കൂടുതൽ വർധിപ്പിക്കാൻ കഴിയുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജീനിയർ മർവാൻ അഹമ്മദ് ബിൻ ഖലീത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates