മസ്കത്ത്: സ്കൂൾ ബസിനുള്ളിൽ കുടുങ്ങി കുട്ടികൾ മരിക്കുന്ന സംഭവം ആവര്‍ത്തിക്കുന്നതില്‍ ആശങ്ക. ഒമാനിലും ബഹ്‌റൈനിലുമായി ഒരാഴ്ചക്കിടെ രണ്ട് കുട്ടികൾ ആണ് ഇത്തരത്തിൽ മരിച്ചത്.
വിദ്യാർത്ഥികളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്. എന്നിട്ടും ഈ മരണങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമാണ് പ്രവാസികളായ മാതാപിതാക്കൾ ഉന്നയിക്കുന്നത്.
ഒമാനിലെ ബാത്തിന മേഖലയിലെ സുവൈഖ് വിലായത്തില്‍ ഒരാഴ്ച മുൻപാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശമ്മ ബിന്‍ത് യാസ്സര്‍ അല്‍ ജഹ്‌വരിയാഹിന്റെ മരണത്തിൽ ഒമാൻ സർക്കാർ തലത്തിൽ അന്വേഷണം നടത്തി വരികയാണ്. അതിനിടയിലാണ് ബഹ്റൈനിലെ ഹമദ് സിറ്റിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി വന്നത്.
കിന്‍റർഗാർഡൻ വിദ്യാർത്ഥിയായ നാലുവയസ്സുകാരനായ ഹസൻ അൽ മഹരിയും ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിന്‍റർഗാർടനിലേക്കുള്ള യാത്രക്കിടെ ഹസൻ വാഹനത്തിലിരുന്നു ഉറങ്ങി പോയി. ഇത് ശ്രദ്ധിക്കാതെ വിദ്യാർത്ഥികളെ ഇറക്കിയ ശേഷം ഡ്രൈവർ വാഹനം പൂട്ടി പോകുക ആയിരുന്നു.
പ്രവർത്തി സമയം അവസാനിച്ച ശേഷം തിരിച്ചു പോകാൻ തുടങ്ങുമ്പോഴാണ് ഹസൻ അൽ മഹരിയെ കാണാനില്ല എന്ന് കുട്ടികൾ പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ ബസിനുള്ളിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുക ആയിരുന്നു.
വനിത ഡ്രൈവറുടെ അശ്രദ്ധയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ബഹ്‌റൈൻ പൊലീസ് വ്യക്തമാക്കി. അനുമതിയില്ലാത്ത വാഹനത്തിലാണ് കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് വന്നിരുന്നത്.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള വാഹനങ്ങളിൽ കുട്ടികളെ മാതാപിതാക്കൾ അയക്കുമ്പോൾ അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണെന്നും അധികൃതർ പറയുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
രക്ഷിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ
കുട്ടിയെ ബസിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും സുരക്ഷിതരാണെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുക.
സ്കൂൾ ബസിൽ ഇരുന്ന് ഉറങ്ങരുതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക
ബസ് വൈകിയാൽ ഉടൻ സ്കൂളുമായി ബന്ധപ്പെടുക.
ബസുകളിൽ സെൻസർ അലാറം ഉണ്ടോയെന്ന് ഉറപ്പു വരുത്തുക
'പാരന്റ്സ് അലർട്ട് ആപ്പ്' പോലെയുള്ള സംവിധാനങ്ങളിൽ കൃത്യമായി നീരീക്ഷിക്കുക.
സ്കൂൾ ബസിലെ സി സി ടിവികൾ പ്രവത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates