ദോഹ: അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ കുട്ടികളുടെ കാര്യത്തിൽപ്രത്യേക ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി ഖത്തർ. ചൂട് വർധിച്ച സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം. വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കുട്ടികളെ തനിച്ചാക്കി പോകരുത്. ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പെട്ടെന്ന് സാധനങ്ങൾ വാങ്ങി തിരിച്ചെത്താം എന്ന് ഉദ്ദേശിച്ചാകും കുട്ടികളെ മിക്കപ്പോഴും വാഹനങ്ങളിൽ ഇരുത്തിയ ശേഷം മാതാപിതാക്കൾ പുറത്തിറങ്ങുന്നത്. എന്നാൽ സാധാരണ കാലാവസ്ഥയിൽപ്പോലും വാഹനത്തിനുള്ളിൽ താപനില പെട്ടെന്ന് കൂടും. ചൂട് കാലങ്ങളിൽ അതിവേഗമായിരിക്കും താപനില വർധിക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ വാഹനത്തിലിരിക്കുന്ന കുട്ടിയുടെ ശരീരത്ത് ചൂട് കൂടുകയും നിർജലീകരണം മുതൽ മരണം വരെയുള്ള അപകടങ്ങൾ വരെ സംഭവിച്ചേക്കാം എന്നാണ് അധികൃതർ പറയുന്നത്.
ചൂടുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ഉടനടി തണലുള്ള സ്ഥലത്തേക്ക് മാറ്റുകയും വെള്ളം കുടിക്കാൻ നൽകണം. സഹായത്തിനായി അധികൃതരെ ബന്ധപ്പെടണമെന്നും സർക്കാർ നിർദേശിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രത്യേക മാർഗനിർദേശങ്ങളും അധികൃതർ പുറത്തിറക്കി. വാഹനങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ എല്ലാ കുട്ടികളും പുറത്ത് ഇറങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കുട്ടികളെ തനിച്ച് വാഹനത്തിനുള്ളിൽ കളിക്കാൻ അനുവദിക്കരുത്. വാഹനത്തിന്റെ താക്കോലുകൾ കുട്ടികൾക്ക് കളിപ്പാട്ടമായി നൽകരുത്. മുതിർന്നവരില്ലാതെ വാഹനങ്ങളിൽ കയറരുതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം. ചൈൽഡ് സേഫ്റ്റി ലോക്കുകൾ ഉപയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates