റിയാദ്: തൊഴിൽ സേവന ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിച്ച് സൗദി അറേബ്യൻ ഭരണകൂടം. സ്ഥാപനങ്ങളുടെ മേൽ സസ്പെൻഷൻ, ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
14 റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കെതിരെ ആണ് നടപടിയെന്ന് എച്ച്ആർഎസ്ഡി വെളിപ്പെടുത്തി.
നിരവധി നിയമലംഘനങ്ങൾ ഈ സ്ഥാപനങ്ങൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ലംഘനങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിന് മൂന്ന് ഓഫീസുകൾ ഉടനടി സസ്‌പെൻഡ് ചെയ്യുകയും മറ്റ് 11 ഓഫീസുകളുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു.
നിയമന പ്രവർത്തനങ്ങളുടെയും തൊഴിൽ സേവന നിയമങ്ങളുടെയും ലംഘനം, ഗുണഭോക്താക്കൾക്ക് നൽകേണ്ട ഫണ്ട് തിരികെ നൽകുന്നതിലെ കാലതാമസം, ഗുണഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടൽ എന്നിവ നടപടികൾക്ക് കാരണമായ ലംഘനങ്ങളിൽ ഉൾപ്പെടുന്നതെന്ന് ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം (എച്ച്ആർഎസ്ഡി) അറിയിച്ചു.
2026 ലെ ആദ്യ പാദത്തിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലും കമ്പനികളിലും നടത്തിയ മേൽനോട്ട പ്രവർത്തനങ്ങളുടെ ഫലം എച്ച് ആർ എസ് ഡി പ്രഖ്യാപിച്ചു. തൊഴിൽ മേഖലയെ നിയന്ത്രിക്കുന്നതിനും തൊഴിൽ നിയമങ്ങളുടെ നിലവാരം ഉയർത്തുന്നതിനും തൊഴിൽ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനം നടത്തുന്നത്.
റിക്രൂട്ട്‌മെന്റ് ഓഫീസുകളെയും കമ്പനികളെയും തുടർച്ചയായി നിരീക്ഷിക്കുകയും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുന്നവർക്ക് നിയന്ത്രണ പിഴകൾ ചുമത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിൽ നിയമലംഘനങ്ങൾ ലംഘനങ്ങളെ കുറിച്ച് 920002866 എന്ന നമ്പറിൽ ഏകീകൃത കോൾ സെന്റർ വഴിയോ സ്മാർട്ട് ഉപകരണങ്ങളിൽ ലഭ്യമായ “മുസാനെഡ്” ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ് എന്ന് അധികൃതരെ ഉദ്ധരിച്ച് സൗദി ഔദ്യോഗിക വാർത്താ ഏജൻസിയായ എസ്പിഎ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates