അബുദാബി: വിവാഹ സഹായധനത്തിന് അര്‍ഹത നേടാനുള്ള ശമ്പള പരിധി വര്‍ധിപ്പിച്ച് ഷാര്‍ജ. സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുന്നതിനാണ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രഖ്യാപനം.
50,000 ദിര്‍ഹമോ അതില്‍ കുറവോ വരുമാനമുള്ളവര്‍ക്ക് ഇനി ഈ സഹായധനത്തിന് അര്‍ഹതയുണ്ടായിരിക്കും. നേരത്തെ ഇത് 30,000 ദിര്‍ഹം വരെയായിരുന്നു. ഷാര്‍ജ റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്ന 'അല്‍ ഖത്ത് അല്‍ മുബാഷര്‍' എന്ന പരിപാടിയിലേക്ക് വിളിച്ച ആളുടെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ചുകൊണ്ടാണ്, സുപ്രീം കൗണ്‍സില്‍ അംഗം കൂടിയായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുഎഇ പൗരന്‍മാരെ പിന്തുണയ്ക്കുന്നതിനും, അവര്‍ക്ക് കുടുംബജീവിതം ആരംഭിക്കാന്‍ സഹായിക്കുന്നതിനുമായി ഷാര്‍ജ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി എട്ട് ദിവസത്തെ വിവാഹ അവധി ഷാര്‍ജ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, തുടര്‍ച്ചയായ പരിചരണം ആവശ്യമുള്ള, രോഗബാധിതരോ ഭിന്നശേഷിക്കാരുമോ ആയ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന വനിതാ ജീവനക്കാര്‍ക്കായി 'കെയര്‍ ലീവ്' അനുവദിക്കാനും ഷാര്‍ജ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രസവാവധിക്ക് ശേഷം ലഭിക്കുന്ന ഈ അവധി, വര്‍ഷം തോറും പുതുക്കി മൂന്ന് വര്‍ഷം വരെ നീട്ടാവുന്നതാണ്.
ഇതിനുപുറമെ, നവംബര്‍ 10 ചൊവ്വാഴ്ച, ഷെയ്ഖ് ഡോ. സുല്‍ത്താന്റെ നിര്‍ദ്ദേശപ്രകാരം, നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1,100 സ്വദേശി കുടുംബങ്ങള്‍ക്ക് ഭവന സഹായം നല്‍കാനും ഷാര്‍ജ ഭരണകൂടം അംഗീകാരം നല്‍കി. ഇതില്‍ 500 കുടുംബങ്ങള്‍ വായ്പാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു; ഷാര്‍ജ സിറ്റിയില്‍ 290, സെന്‍ട്രല്‍ റീജിയണില്‍ 35, ഖോര്‍ ഫക്കാന്‍ 75, കല്‍ബ 65, ദിബ്ബ അല്‍ ഹിസ്ന്‍ 35 എന്നിങ്ങനെയാണ് വിതരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates