റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ മേഖല ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. ഇന്നലെ രാത്രിയോടെയാണ് യമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സൗദിയിലെ പ്രവിശ്യകളിലേക്ക് ഹൂതികള്‍ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചെങ്കിലും പല ഭാഗത്തും ഇവയുടെ ഭാഗങ്ങള്‍ പതിച്ചു. അബഹ വിമാനത്താവളം ലക്ഷ്യം വെച്ച് ആക്രമണമുണ്ടായതോടെ വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കി. കണക്ഷന്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് അവധിക്ക് വരാനിരുന്ന പല മലയാളികളും ഇതോടെ കുടുങ്ങി.
ആക്രമണ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദിയുടെ തെക്കന്‍ മേഖലയിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. അബഹ, ജിസാന്‍, നജ്റാന്‍, ഷറൂറ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ മിസൈല്‍ ആക്രമണമെന്ന് ഹൂതി വിമതര്‍ അറിയിച്ചു.
എന്നാല്‍ സൗദി വ്യോമപ്രതിരോധ സേന ഈ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂതി വിമതര്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് അബഹയിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
ഇന്ന് മാത്രം അബഹയില്‍ നിന്നുള്ള പത്തിലേറെ സര്‍വീസുകളാണ് മുടങ്ങിയത്. മേഖലയിലുണ്ടായ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാന കമ്പനികള്‍ അടിയന്തര നടപടിയെന്ന നിലയിലാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
ഇന്ന് രാവിലെ 10:25-നും വൈകിട്ട് 4:05-നും ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ രണ്ടില്‍ നിന്ന് അബഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഫ്‌ലൈദുബായ് സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ലൈന്‍ വെബ്സൈറ്റ് വ്യക്തമാക്കി. അബഹയില്‍ നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള മടക്ക സര്‍വീസുകളും ഇതേത്തുടര്‍ന്ന് മുടങ്ങി. ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates