ജയ്പുര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന പ്രമാദമായ ''ടിന്‍ഡര്‍ കൊലക്കേസില്‍' ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി തായ്‌ലന്‍ഡില്‍ വിനോദയാത്ര പോയത് വിവാദമായി. ശ്രീഗംഗാനഗര്‍ ജില്ലയിലുള്ള ഓപ്പണ്‍ ജയിലില്‍ കഴിഞ്ഞിരുന്ന ദിക്ഷാന്ത് കമ്ര (28) എന്ന പ്രതിയാണ് തായ്‌ലന്‍ഡിലേക്ക് യാത്ര ചെയ്തത്. പ്രതി വിദേശത്ത് പോയപ്പോഴും ജയിലില്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിയമം ലംഘിച്ചാണ് യാത്ര പോയതെന്ന കണ്ടെത്തലില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ ജയില്‍ വാര്‍ഡന്‍ ഹാപുറാമിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
2025 ഒക്ടോബര്‍ 9 മുതല്‍ 13 വരെയുള്ള അഞ്ചു ദിവസങ്ങളിലാണ് ഇയാള്‍ രാജ്യത്തിന് പുറത്തേക്ക് വിനോദയാത്ര നടത്തിയത്. പ്രതിയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നാണ് ഇമിഗ്രേഷന്‍ സ്റ്റാമ്പ് വഴി വിദേശത്തേയ്ക്ക് യാത്ര നടത്തിയതായി സ്ഥിരീകരിച്ചത്. തുറന്ന ജയിലുകളില്‍ തടവുകാര്‍ രാവിലെയും വൈകുന്നേരവും ഹാജര്‍ രേഖപ്പെടുത്തണമെന്നതാണ് നിയമം. എന്നാല്‍ ഇയാള്‍ തായ്‌ലന്‍ഡിലായിരുന്ന സമയത്തും ജയില്‍ വാര്‍ഡനായ ഹാപുറാം, പ്രതി ജയിലിലുണ്ടെന്ന് കാണിച്ച് വ്യാജമായി ഹാജര്‍ രേഖപ്പെടുത്തുകയായിരുന്നു. ഒരു പഴയ ഫോട്ടോ കാണിച്ച് ഇയാള്‍ ജയിലിലുണ്ടെന്ന് മറ്റ് ജയിലധികൃതരെ വിശ്വസിപ്പിക്കുകയും ചെയ്തു.
ജയില്‍ ഡയറക്ടര്‍ ജനറലിന് ഒരു യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ രഹസ്യ അന്വേഷണം നടത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറില്‍ നിന്ന് 40 ഗ്രാം അഫീം (Opium) കണ്ടെത്തുകയും എന്‍ഡിപിഎസ് (NDPS) ആക്ട് പ്രകാരം ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയും ചെയ്തു. വാര്‍ഡന്‍ ഹാപുറാമിനും പ്രതിക്കും എതിരെ രാജസ്ഥാന്‍ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ല്‍ അറസ്റ്റിലാവുകയും 2023ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്ത പ്രതിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ പൊലീസോ ജയില്‍ അധികൃതരോ മുന്‍പ് തയ്യാറായില്ലെന്ന ഗുരുതരമായ സുരക്ഷാ വീഴ്ച്ചയും ഇതോടെ പുറത്തു വന്നു.
എന്താണ് ടിന്‍ഡര്‍ കൊലക്കേസ്?
ഡേറ്റിങ്ങ് ആപ്പായ ടിന്‍ഡര്‍ (Tinder) വഴി പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തിയ കേസാണ് ടിന്‍ഡര്‍ കൊലക്കേസ്. 2018 മെയില്‍ ജയ്പൂരിലാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം നടന്നത്. ദുഷ്യന്ത് ശര്‍മ്മ എന്ന എന്‍ജിനീയറായ യുവാവിനെ പ്രിയ സേത്ത് എന്ന യുവതി ടിന്‍ഡര്‍ ഡേറ്റിങ്ങ് ആപ്പ് വഴി പരിചയപ്പെടുന്നു. താന്‍ വലിയൊരു കോടീശ്വരനാണെന്ന് ദുഷ്യന്ത് പ്രിയയോട് കള്ളം പറയുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രിയ തന്റെ സുഹൃത്തുക്കളായ ദീക്ഷന്ത് കമ്ര, ലക്ഷ്യ വാലിയ എന്നിവരെ കൂട്ടുപിടിച്ച് ദുഷ്യന്തില്‍ നിന്ന് പണം തട്ടാനായി തീരുമാനിച്ചു.
2018 മെയ് 2ന് പ്രിയ തന്റെ വാടക റൂമിലേയ്ക്ക് ദുഷ്യന്തിനെ വിളിച്ചു വരുത്തി സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടു പോകുന്നു. ദുഷ്യന്തിന്റെ പിതാവിനെ വിളിച്ച് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുമ്പോഴാണ് ദുഷ്യന്ത് അത്ര പണക്കാരനല്ലെന്നത് ഇവര്‍ക്ക് മനസിലാകുന്നത്. പ്രിയയുടെ അക്കൗണ്ടിലേക്ക് പിതാവ് 3 ലക്ഷം രൂപ അയച്ചുകൊടുത്തെങ്കിലും ദേഷ്യം തീരാതെ ദുഷ്യന്തിനെ ഇവര്‍ ക്രൂരമായി കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാനായി മൃതദേഹം കഷണങ്ങളാക്കി ഒരു സ്യൂട്ട്‌കേസിലാക്കി ജയ്പൂരിന് പുറത്തുള്ള വഴി അരികില്‍ ഉപേക്ഷിച്ചു.
ഇന്റര്‍നെറ്റിലെയും ഡേറ്റിങ്ങ് ആപ്പുകളിലെയും വ്യാജ പ്രൊഫൈലുകളെയും ഹണിട്രാപ്പ് കെണികളെയും കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് ഈ കേസാണ് വഴി തുറന്നത്. അഞ്ചു വര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ പിടിയിലായ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates