Air India plane crash അഹമ്മദാബാദ് വിമാനാപകടം Agency
India

അഹമ്മദാബാദ് വിമാനദുരന്തം: ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍; വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്

ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും, അത് ചെയ്തത് ക്യാപ്റ്റനാണെന്നും യു എസ് മാധ്യമമായ 'വാള്‍സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ് യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

ബ്ലാക്ക് ബോക്‌സ് റെക്കോഡിങ് സൂചനകള്‍ പ്രകാരം, ക്യാപ്റ്റന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫാക്കിയതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ സൂചിപ്പിക്കുന്നു. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദര്‍ ക്യാപ്റ്റനായ സുമീത് സബര്‍വാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിലുള്ളത്.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. 56 കാരനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ 15,638 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പന്നനായ പൈലറ്റാണ്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ 32കാരന്‍ ക്ലൈവ് കുന്ദര്‍ 3403 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളയാളുമാണ്. എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റേ പൈലറ്റിനോട് ചോദിക്കുന്നതും, താന്‍ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.

ഇത് ആര് ആരോടാണ് ചോദിച്ചതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിനോട് വിമാനം പറത്തിയിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ ചോദിച്ചതാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബോയിങ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാൽ അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളോട് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി) തുടങ്ങിയവ പ്രതികരിച്ചിട്ടില്ല. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കാന്‍ ബോയിങ്ങും വിസമ്മതിച്ചെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളെ പൈലറ്റുമാരുടെ സംഘടന തള്ളിക്കളഞ്ഞു. പൈലറ്റുമാരുടെ മേൽ കുറ്റം ചുമത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന, അപകടത്തിൽ പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

അതിനിടെ, ബോയിങ് 787 വിമാനങ്ങളുടെ ഇന്ധനസ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകൾ ഇല്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. രാജ്യത്തെ ബോയിങ് 787 വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലമാണ് എയർ ഇന്ത്യ പുറത്തുവിട്ടത്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ ‘ഫ്യുവൽ കൺട്രോൾ സ്വിച്ചു’കൾ പരിശോധിക്കാൻ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.

A report in The Wall Street Journal, citing cockpit recordings, claimed the captain of the Air India jet cut the fuel flow to the engines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT