ന്യൂഡൽഹി: ചെങ്കോട്ടയിലെ ചാവേർ സ്ഫോടനത്തിനു ഉത്തരവാദികളായവർ ഏത് നരകത്തിൽ ഒളിച്ചാലും കണ്ടെത്തുമെന്നും സാധ്യമായ ഏറ്റവും വലിയ ശിക്ഷ തന്നെ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നോർത്തേൺ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം.
ഭീകരവാദത്തെ രാജ്യത്തു നിന്നു വേരോടെ പിഴുതെറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ വ്യക്തമാക്കി. ചെങ്കോട്ടയിലെ ചാവേർ കാർ സ്ഫോടനത്തിലും ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിലും ജീവൻ നഷ്ടപ്പെട്ടവർക്കു ആദരാഞ്ജലികൾ അർപ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം തുടങ്ങിയത്.
അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കുമെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പു നൽകി. ശക്തമായ സംസ്ഥാനങ്ങളാണ് കരുത്തുറ്റ രാഷ്ട്രം കെട്ടിപ്പടുക്കുന്നത് എന്ന മോദിയുടെ നിലപാട് അമിത് ഷാ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. സംസ്ഥാനങ്ങൾക്കിടയിൽ സഹകരണവും ആശയവിനിമയവും നയപരമായ ഏകോപനവും മെച്ചപ്പെടുത്തുന്നതിലൂടെ ഈ ആശയം യാഥാർഥ്യമാക്കാൻ സോണൽ കൗൺസിലുകൾ സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമങ്ങളിലും പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലും അന്വേഷണം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഷ്കൃത സമൂഹത്തിനു അംഗീകരിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു. അവരുടെ സുരക്ഷ സർക്കാരിന്റെ ഏറ്റവും വലിയ പരിഗണനയാണെന്നും അതു തുടരുമെന്നും വ്യക്തമാക്കി. അതിജീവിതയ്ക്ക് കാലതാമസമില്ലാതെ നീതി ലഭിക്കാൻ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ എണ്ണം കൂട്ടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഗവർണർമാർ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates