ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ രംഗത്ത്. സര്‍ക്കാരിന്റെ ടെന്‍ഡറുകള്‍ കൈകാര്യം ചെയ്യുന്ന കരാറുകാരില്‍ നിന്ന് ചില മന്ത്രിമാര്‍ കോഴ ആവശ്യപ്പെടുന്നുണ്ടെന്നും ഇതിന്റെ ഓഡിയോ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അണ്ണാമലൈ അവകാശപ്പെട്ടു.
ഞായറാഴ്ച ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അണ്ണാമലൈ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി വിജയ്‌യോട് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം ചെലവഴിച്ചെന്ന കാരണം പറഞ്ഞ് ചില മന്ത്രിമാര്‍ കരാറുകാരില്‍ നിന്ന് 2 മുതല്‍ 4 ശതമാനം വരെ കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. മന്ത്രിമാര്‍ കരാറുകാരുമായി നടത്തിയ സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ തന്റെ പക്കലുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു.
അഴിമതിക്കെതിരായ കര്‍ശന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും, എന്നാല്‍ മന്ത്രിമാരുടെ മേല്‍ നിയന്ത്രണം ശക്തമാക്കിയില്ലെങ്കില്‍ ഭരണസംവിധാനം താളംതെറ്റുമെന്നും അണ്ണാമലൈ മുന്നറിയിപ്പ് നല്‍കി. വാരാന്ത്യങ്ങളില്‍ അവലോകന യോഗങ്ങള്‍ വിളിച്ച് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിരീക്ഷിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
തന്റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശത്തിലും കരൂരില്‍ നടന്ന പൊതുയോഗത്തിലും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ചാല്‍ കൊടുക്കരുതെന്നും മുഖ്യമന്ത്രി വിജയ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് വിജയ് സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയെ ചോദ്യം ചെയ്തുകൊണ്ട് അണ്ണാമലൈയുടെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates