ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ രാഷ്ട്രപതിയാക്കാന്‍ ബിജെപി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എപിജെ അബ്ദുള്‍ കലാമിലേക്ക് ചര്‍ച്ചകള്‍ എത്തും മുന്‍പ് ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ച പേര് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയിയുടേതായിരുന്നു. നേതൃമാറ്റത്തോടെ അന്നത്തെ ഉപപ്രധാനമന്ത്രി എല്‍കെ അഡ്വാനിയെ പ്രധാനമന്ത്രിയാക്കാനും ആയിരുന്നു ബിജെപിയുടെ നീക്കം. എന്നാല്‍ തീരുമാനത്തെ വാജ്‌പേയ് എതിര്‍ത്തു എന്നുമാണ് വെളിപ്പെടുത്തല്‍. വാജ്‌പേയിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന അശോക് ടണ്ടന്‍ എഴുതിയ 'അടല്‍ സംസ്മരന്‍' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
താന്‍ രാഷ്ട്രപതിയാകുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു പാര്‍ട്ടി നീക്കത്തെ എതിര്‍ത്ത് വാജ്‌പേയ് സ്വീകരിച്ച നിലപാട്. ഒരു ജനപ്രിയ പ്രധാനമന്ത്രി, ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിയാകുന്നത് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് ഗുണം ചെയ്യില്ലെന്ന് വാജ്‌പേയ് വിശ്വസിച്ചിരുന്നു എന്നും പ്രഭാത് പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അശോക് ടണ്ടന്‍ പറയുന്നു. 1998 മുതല്‍ 2004 വരെ മുന്‍ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ടണ്ടന്‍.
ഇതിന് പിന്നാലെ, എപിജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായം ഉണ്ടാക്കുന്നതിനായി വാജ്‌പേയ് നേരിട്ട് ഇറങ്ങിപ്രവര്‍ത്തിച്ചെന്നും ടണ്ടന്‍ പുസ്തകത്തില്‍ പറയുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാക്കളെ വാജ്പേയി ക്ഷണിച്ചു. 'സോണിയ ഗാന്ധി, പ്രണബ് മുഖര്‍ജി, ഡോ. മന്‍മോഹന്‍ സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിരുന്നു എന്നും ടണ്ടന്‍ പറയുന്നു.
കലാമിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നടന്ന വാജ്‌പേയ് - സോണിയ ഗാന്ധി കൂടിക്കാഴ്ചയെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. അബ്ദുള്‍ കലാമിന്റെ പേര് അറിയിച്ചപ്പോള്‍ നീണ്ട മൗനമായിരുന്നു സോണിയ ഗാന്ധിയില്‍ നിന്നുണ്ടായത്. ഈ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു പിന്നീടുള്ള പ്രതികരണം. പ്രതിപക്ഷത്തിന് പിന്തുണയ്ക്കയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു എന്നും പുസ്തകം പറയുന്നു. 2002 ല്‍ അന്നത്തെ ഭരണകക്ഷിയായ എന്‍ഡിഎയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടെയായിരുന്നു അബ്ദുള്‍ കലാം പതിനൊന്നാമത് ഇന്ത്യന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2007 വരെയായിരുന്നു കലാം ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനം വഹിച്ചത്.
വാജ്‌പേയ് - അഡ്വാനി ബന്ധമാണ് പുസ്തത്തിലെ മറ്റൊരു നിര്‍ണായക ഭാഗം. വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇരു നേതാക്കളും തമ്മില്‍ നിരവധി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാല്‍ ബന്ധം ഒരിക്കലും വഷളായിരുന്നില്ല. തന്റെ നേതാവും, പ്രചോദകനുമാണ് വാജ്‌പേയ് എന്നായിരു എപ്പോഴും അദ്ദേഹം പറഞ്ഞിരുന്നത്. ഇരുവരുടെയും നേതൃത്വം ബിജെപിയെ കെട്ടിപ്പടുക്കുക മാത്രമല്ല, പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു പുതിയ ദിശാബോധം നല്‍കുകയും ചെയ്‌തെന്നും പുസ്തകം പറയുന്നു.
2001 ഡിസംബര്‍ 13-ന് നടന്ന പാര്‍ലമെന്റ് ഭീകരാക്രമണത്തിന് പിന്നാലെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിയും വാജ്‌പേയിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ആക്രമണം നടന്ന സമയത്ത്, വാജ്പേയി തന്റെ വസതിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സുരക്ഷാ സേനയുടെ പ്രവര്‍ത്തനം ടെലിവിഷനില്‍ വീക്ഷിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ ഫോണ്‍ കോള്‍ വന്നത്. 'എനിക്ക് നിങ്ങളെക്കുറിച്ച് ആശങ്കയുണ്ട്, നിങ്ങള്‍ സുരക്ഷിതരാണോ?' എന്ന് അവര്‍ ചോദിച്ചു. താന്‍ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആക്രമണ സമയത്ത് നിങ്ങള്‍ പാര്‍ലമെന്റിന് അകത്തുണ്ടോ എന്നതായിരുന്നു തന്റെ ആശങ്ക എന്നും അദ്ദേഹം സോണിയ ഗാന്ധിയോട് പറഞ്ഞെന്നും ടണ്ടന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates