പട്‌ന: ബിഹാറിലെ ജഹനാബാദില്‍ ഭക്ഷണമെത്തിക്കാന്‍ വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ നാത്തൂനെ കോടാലികൊണ്ട് തലയറുത്തു കൊലപ്പെടുത്തി യുവാവ്. ഇമദ്പൂര്‍ ഗ്രാമത്തിലാണ് നാടിനെയാകെ നടുക്കിയ ക്രൂരകൃത്യം നടന്നത്. 25കാരിയായ അന്‍ഷു ദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ധര്‍മേന്ദ്ര കുമാറിന്റെ സഹോദരനായ കുനാല്‍ കുമാറാണ് ക്രൂരമായ കൊലപാതകം നടത്തിയത്.
ലഹരിക്ക് അടിമയായ കുനാല്‍ കുമാര്‍ വയലില്‍ നിന്ന് വീട്ടിലെത്തിയ ശേഷം അന്‍ഷു ദേവിയോട് ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വിളമ്പാന്‍ അല്‍പം വൈകിയതില്‍ പ്രകോപിതനായ ഇയാള്‍ വീട്ടിലുണ്ടായിരുന്ന മഴുവെടുത്ത് അന്‍ഷുവിന്റെ കഴുത്തറുത്തു മാറ്റുകയായിരുന്നു. കൊലപാതകത്തിനു ശേഷം കൊല്ലപ്പെട്ട അന്‍ഷുവിന്റെ തല വെട്ടിയെടുത്ത് വീടിനു മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു.
സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും വയലില്‍ പണിയിലായിരുന്നു. അന്‍ഷു ദേവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകത്തിനു ശേഷവും പ്രതി വീടിനു സമീപം തന്നെ ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ തടിച്ചുകൂടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പാഴ്‌സ് ബിഗ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച മഴു കണ്ടെടുക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates