പറ്റ്‌ന: നിരന്തരമായ മര്‍ദ്ദനവും അസഭ്യം പറച്ചിലും സഹിക്കാന്‍ വയ്യാതെ, മദ്യപാനിയായ ഭര്‍ത്താവിനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചുകൊന്നു. സംശയം തോന്നാതിരിക്കാന്‍ മൃതദേഹം വീട്ടില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പൊലീസ് അന്വേഷണത്തില്‍ സത്യം പുറത്തുവന്നു.
ബിഹാര്‍ ലഖിസാരായി കിഷന്‍പൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. സഞ്ജയ് പട്ടേലാണ് കൊല്ലപ്പെട്ടത്. അംഗന്‍വാടി ജീവനക്കാരിയായ റിങ്കി ദേവിയാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ മരണത്തില്‍ സംശയം തോന്നാതിരിക്കാന്‍ മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ റിങ്കി ദേവി ഒളിപ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ മദ്യപാനത്തില്‍ യുവതി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് നിരന്തരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. പ്രദേശത്ത് സഞ്ജയ് പ്രശനം ഉണ്ടാക്കുന്നതായി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് റിങ്കി ദേവിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.
ഭര്‍ത്താവിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാടത്ത് പണിക്ക് പോയെന്നാണ് റിങ്കി ദേവി പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കാര്യം ഭാര്യ മൊഴി നല്‍കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിര്‍മ്മാണത്തിലിരിക്കുന്ന ഒരു നില കെട്ടിടത്തില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates