BJP supporters wave the party flag after winning in the repoll to West Bengal's Falta Assembly seat, in South 24 Pargana PTI
India

തൃണമൂൽ കോട്ടകളിൽ വിള്ളൽ; ന്യൂനപക്ഷ വോട്ടുകൾ പിടിച്ചെടുത്ത് ബംഗാളിൽ സിപിഎമ്മിന് മുന്നേറ്റം

ഫൽത്ത ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി; വോട്ട് ബാങ്ക് ചോർന്നതോടെ ഇടതുപക്ഷത്തിന് മടങ്ങിവരവ്, ചരിത്ര ഭൂരിപക്ഷത്തോടെ മണ്ഡലം പിടിച്ച് ബിജെപി

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമതാ ബാനർജി സർക്കാരിന്റെ പതനത്തിന് പിന്നാലെ നടന്ന ഫൽത്ത നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ നിഷ്പ്രഭമാക്കി ഭാരതീയ ജനതാ പാർട്ടിക്ക് വൻ വിജയം. വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നെന്ന പരാതിയെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപ് നടന്ന വോട്ടെടുപ്പ് റദ്ദാക്കുകയും മെയ് 24 ഞായറാഴ്ച കർശന സുരക്ഷയിൽ ഉപതെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി.ജെ.പി. സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡെ 1,49,666 വോട്ടുകൾ നേടി, ആകെ പോൾ ചെയ്തതിന്റെ 71.20 ശതമാനത്തിലധികം വോട്ട് വിഹിതത്തോടെയാണ് വിജയം സ്വന്തമാക്കിയത്. സിപിഎമ്മിന്റെ ശംഭു നാഥ് കുർമി 40,645 വോട്ടുകൾ (20 ശതമാനം വോട്ട് വിഹിതം) നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുർ റസാഖ് മൊല്ല മൂന്നാം സ്ഥാനത്തായി.

എന്നാൽ, മുൻപ് ഈ മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ടായിരുന്ന തൃണമൂൽ കോൺഗ്രസിന്റെ ജഹാംഗീർ ഖാൻ വെറും 7,783 വോട്ടുകൾ മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും കെട്ടിവെച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ലോക്സഭാ മണ്ഡലമായ ഡയമണ്ട് ഹാർബറിന് കീഴിലുള്ള നിയമസഭാ മണ്ഡലമാണ് ഫൽത്ത. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും ഈ മണ്ഡലത്തിൽ നിന്നും തൃണമൂലിന് 89 ശതമാനം വോട്ടും 1.68 ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷവും ലഭിച്ചിരുന്നു. അവിടെ നിന്നാണ് 2021-ൽ 56 ശതമാനമുണ്ടായിരുന്ന തൃണമൂലിന്റെ വോട്ട് വിഹിതം ഇപ്പോൾ വെറും 3.7 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. അതേസമയം ബിജെപി. തങ്ങളുടെ വോട്ട് വിഹിതം 36.75 ശതമാനത്തിൽ നിന്നും 71 ശതമാനത്തിലേക്ക് ഉയർത്തി വിജയം നേടുകയായിരുന്നു.

ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ; ഇടതുപക്ഷത്തിന് മടങ്ങിവരവ്

ഏകദേശം 30 ശതമാനത്തോളം മുസ്ലിം വോട്ടർമാരുള്ള ഫൽത്ത മണ്ഡലത്തിലെ ഈ കനത്ത പോളിങ് ഫലം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുടെ സൂചനയാണ് നൽകുന്നത്. ഈ മണ്ഡലത്തിൽ ബിജെപി.ക്ക് അനുകൂലമായി പൂർണ്ണമായ ഹിന്ദു വോട്ട് ഏകീകരണം ഉണ്ടായതിനൊപ്പം തന്നെ, മുൻപ് തൃണമൂലിന്റെ പ്രധാന വോട്ട് ബാങ്കായിരുന്ന ന്യൂനപക്ഷ വോട്ടുകളിൽ വലിയ തോതിൽ വിള്ളലുണ്ടായതായും അവ സിപിഎമ്മിലേക്ക് മാറിയതായും രാഷ്ട്രീയ നിരീക്ഷകനായ ബിശ്വനാഥ് ചക്രവർത്തി വിലയിരുത്തുന്നു. കഴിഞ്ഞ 2011 മുതൽ മമതയ്ക്കൊപ്പം ഉറച്ചുനിന്ന മുസ്ലിം വോട്ടർമാർ ഇപ്പോൾ സിപിഎം, കോൺഗ്രസ്, ഐഎസ്എഫ് തുടങ്ങിയ വിവിധ കക്ഷികളിലേക്ക് ചേക്കേറുന്നതിന്റെ വ്യക്തമായ സൂചനയാണ് 293 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ഉപതിരഞ്ഞെടുപ്പിലും കാണാൻ സാധിക്കുന്നത്.

ബിജെപിയെ ശക്തമായി പ്രതിരോധിക്കാൻ ഇനി തൃണമൂലിന് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ന്യൂനപക്ഷങ്ങൾ തങ്ങളുടെ പഴയ തട്ടകമായ ഇടതുപക്ഷത്തിലേക്ക് മടങ്ങാൻ തുടങ്ങിയതെന്ന് സിപിഎം നേതാവ് ഡോ. സുജൻ ചക്രവർത്തി പ്രതികരിച്ചു. ജനങ്ങളെ ഒപ്പം നിർത്തി ഇനി ഇടതുപക്ഷമായിരിക്കും ബിജെപിക്ക് എതിരെ പോരാടുകയെന്നും അഭിഷേക് ബാനർജിയുടെ 'ഡയമണ്ട് ഹാർബർ മോഡൽ' എന്നത് വെറുമൊരു കൊള്ള മാത്രമാണെന്ന് ഇതിലൂടെ തെളിഞ്ഞതായും അദ്ദേഹം എക്സിൽ കുറിച്ചു. എന്നാൽ ഒരു ഉപതിരഞ്ഞെടുപ്പ് ഫലം കൊണ്ട് സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകളിൽ മാറ്റമുണ്ടായെന്ന് വിലയിരുത്താൻ സാധിക്കില്ലെന്നും തങ്ങൾ തന്നെയാണ് ഇപ്പോഴും ബിജെപി യുടെ പ്രധാന എതിരാളികളെന്നും തൃണമൂൽ നേതാവ് കുനാൽ ഘോഷ് വ്യക്തമാക്കി.

അഭിഷേക് ബാനർജിക്ക് കനത്ത രാഷ്ട്രീയ തിരിച്ചടി

ഫൽത്തയിലെ ഈ കനത്ത പരാജയം തൃണമൂലിന്റെ അജയ്യരെന്ന അവകാശവാദത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി. ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ കടുത്ത ഭാഷയിൽ വിമർശിച്ചു. ഭയത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയമാണ് ഡയമണ്ട് ഹാർബറിൽ ഇത്രയും കാലം നടന്നിരുന്നതെന്നും അതിനൊടുവിൽ അന്ത്യം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ അഭിഷേക് ബാനർജിക്ക് ഇനി ഡയമണ്ട് ഹാർബറിനെ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ യാതൊരുവിധ ധാർമ്മിക അവകാശവുമില്ലെന്നും മാളവ്യ കൂട്ടിച്ചേർത്തു. അതേസമയം വോട്ടെടുപ്പ് പ്രചാരണങ്ങളിൽ നിന്നും പൂർണ്ണമായി മാറിനിന്ന അഭിഷേക് ബാനർജി, ഫൽത്തയിലെ വോട്ടെണ്ണൽ പ്രക്രിയ സുതാര്യമല്ലായിരുന്നുവെന്നും കടുത്ത അക്രമങ്ങളെയും അട്ടിമറികളെയും തടയുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ബംഗാളിൽ തൃണമൂലിന്റെ വലിയ തകർച്ചയ്ക്കാണ് ഈ ഫലം വഴിയൊരുക്കുകയെന്നാണ് വിലയിരുത്തൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

ഇന്ന് ലോക ഫുട്ബോൾ ദിനം; ഈ അഞ്ച് അവിസ്മരണീയ നിമിഷങ്ങൾ ഓർമയുണ്ടോ?

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെ 58 സെക്ടറുകളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈത്ത് എയര്‍വേയ്സ്

ട്രെയിൻ കോച്ചുകളുടെ കളർ കോഡിന് പിന്നിലെ രഹസ്യം

SCROLL FOR NEXT